ഏറ്റവും പുതിയ മഴ മുന്നറിയിപ്പ് ; ഇന്ന് 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഉള്‍പ്പെടെ അടുത്ത അഞ്ചു ദിവസത്തേക്കുള്ള ഏറ്റവും പുതിയ മഴ മുന്നറിയിപ്പ് പുറത്തിറക്കി. ഇന്ന് 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലൊഴികെയുള്ള വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍, ഇടുക്കി, എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നീ 12 ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ഒറ്റപ്പെട്ടതും ശക്തവുമായ മഴക്കുള്ള സാധ്യതയുണ്ടെന്ന് അറിയിപ്പ്.

ഒക്ടോബര്‍ 18വരെ ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് മുന്നറിയിപ്പാണ് നിലവില്‍ നല്‍കിയിരിക്കുന്നത്. ഒക്ടോബര്‍ 17ന് കണ്ണൂരിലും കാസര്‍കോടും ഉള്‍പ്പെടെ 14 ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒക്ടോബര്‍ 19ന് നിലവില്‍ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഇന്നലെ രാത്രി ആരംഭിച്ച ശക്തമായ മഴയില്‍ തിരുവനന്തപുരം ഉള്‍പ്പെടെയുള്ള വിവിധ ജില്ലകളില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയിരുന്നു. മഴയുടെ ശക്തി കൂടിയതിനാലും കെടുതി തുടരുന്നതിനിടെയാണ് പുതുക്കിയ മഴ മുന്നറിയിപ്പ്.

അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. നിലവില്‍ തെക്കന്‍ തമിഴ്നാടിനു മുകളില്‍ ചക്രവാതചുഴി നിലനില്‍ക്കുന്നുണ്ട്. തെക്ക് – കിഴക്കന്‍ അറബിക്കടലിനും ലക്ഷദ്വീപിനും മുകളിലായായാണ് ചക്രവാത ചുഴി സ്ഥിതി ചെയ്യുന്നത്. ഒക്ടോബര്‍ 17 ഓടെ ചക്രവാതച്ചുഴി ന്യൂനമര്‍ദ്ദമായി ശക്തി പ്രാപ്പിക്കാനുള്ള സാധ്യതയാണ് കണക്കാക്കുന്നത്.
ദുരിതം വിതച്ച് മഴ; തിരുവനന്തപുരത്ത് താലൂക്ക് അടിസ്ഥാനത്തില്‍ കണ്‍ട്രോള്‍ റൂം തുറന്നു.

ചൊവ്വാഴ്ചയോടെ ചക്രവാതച്ചുഴി, ന്യൂനമര്‍ദമായി ശക്തി പ്രാപിച്ചാല്‍ തുടര്‍ന്നുള്ള 48 മണിക്കൂറില്‍ പടിഞ്ഞാറു – വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി വീണ്ടും ശക്തി പ്രാപിച്ചേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. അതുകൊണ്ടുതന്നെ കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മിതമായതോ ഇടത്തരം തീവ്രതയോടെയോ ഉള്ള മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ മുന്നറിയിപ്പ് പറയുന്നു. ഒക്ടോബര്‍ 15 മുതല്‍ 19 വരെയുള്ള തീയതികളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വേഗതയിലുള്ള കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

Top