Latest on Hurricane Matthew

ഗ്വണ്ടനാമോ: നാശം വിതച്ചു ചുഴറ്റിയടിക്കുന്ന മാത്യു കൊടുങ്കാറ്റില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 800 കവിഞ്ഞു. ഹെയ്തിയിലാണ് കൊടുങ്കാറ്റ് ഏറ്റവും നാശം വിതച്ചത്. ആയിരക്കണക്കിന് പേര്‍ക്ക് പരിക്കേറ്റു.

ഹെയ്തിയുടെ തെക്കന്‍ പ്രദേശങ്ങള്‍ പലതും പൂര്‍ണമായും ഒറ്റപ്പെട്ടിരിക്കുകയാണ്. ക്യൂബ, ഹെയ്തി, ഡൊമിനിക്കന്‍ റിപ്പബ്ലിക്, ബഹാമാസ് എന്നിവിടങ്ങളില്‍ കനത്തനാശം വിതച്ച കൊടുങ്കാറ്റ് ഫ്‌ളോറിഡയിലേക്കു നീങ്ങുന്നതായാണ് റിപ്പോര്‍ട്ട്.

മണിക്കൂറില്‍ 250 കിലോമീറ്റര്‍ വേഗത്തിലാണ് കൊടുങ്കാറ്റ് നീങ്ങുന്നത്. അമേരിക്കയിലെ ഫ്‌ളോറിഡ, ജോര്‍ജിയ, സൗത്ത് കരോളൈന എന്നിവിടങ്ങളിലെ തീരമേഖലകളില്‍നിന്ന് 20 ലക്ഷംപേരെ ഒഴിപ്പിക്കാനാണ് അധികൃതരുടെ പദ്ധതി. ഇവരോട് ഉയര്‍ന്ന സ്ഥലങ്ങളിലേക്കു നീങ്ങാന്‍ നിര്‍ദേശം നല്‍കിക്കഴിഞ്ഞു. സ്ഥിതിഗതികള്‍ നേരിടാന്‍ ആയിരം നാഷണല്‍ ഗാര്‍ഡുകളെയും 2500 സൈനികരെയും അധികമായി വിന്യസിച്ചിട്ടുണ്ട്.

മയാമി അന്തര്‍ദേശീയ വിമാനത്താവളത്തിലും ഫോര്‍ട്ട് ലോഡര്‍ഡെയില്‍ വിമാനത്താവളത്തിലും മുന്‍കരുതല്‍ നടപടികളെടുത്തു. ഇതിനകം 4500 വിമാന സര്‍വീസുകള്‍ റദ്ദാക്കി.

ഹെയ്തിയില്‍ കൃഷിയിടങ്ങളും പട്ടണങ്ങളും റിസോര്‍ട്ടുകളും കാറ്റിന്റെ സംഹാരതാണ്ഡവത്തിനിരയായി. ക്യൂബയിലെ ഗ്വണ്ടനാമോ പ്രവിശ്യയിലെ ബാരക്കോവ ടൂറിസ്റ്റ് സങ്കേതത്തിനു കനത്തനാശം നേരിട്ടു.

Top