അവളുടെ കുഞ്ഞുകൈകള്‍ അമ്മയ്ക്ക് നേരെ നീട്ടി; കൊറോണ കാലത്തെ വൈകാരികമായ കൂടിക്കാഴ്ച

വായുവിലേക്ക് അവളുടെ കുഞ്ഞുകൈകള്‍ ഉയര്‍ത്തി അകലെ നില്‍ക്കുന്ന അമ്മയ്ക്ക് നേരെ നീട്ടി. പക്ഷേ അടുത്തുവരാനോ ആലിംഗനം ചെയ്യാനോ ഇരുവര്‍ക്കും സാധിക്കില്ല. കൊറോണ വൈറസ് ബാധിതരെ ചികിത്സിക്കുന്ന ആശുപത്രിയിലെ നഴ്‌സായ അമ്മയെ കാണാനെത്തിയതായിരുന്നു ആ പെണ്‍കുട്ടി. ഈ രംഗം കാണുന്ന ആരുടെയും കണ്ണുകള്‍ ഈറനണിയും. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോയാണിത്.

ദൂരെ നിന്ന് അമ്മയെ കണ്ടതും ഇടമുറിയാതെ ആ കുഞ്ഞുകണ്ണില്‍നിന്നും കണ്ണീരൊഴുകി. വായുവിലേക്ക് കൈകള്‍ നീട്ടി തൊടാനാവാത്തത്ര അകലെ നിന്ന് അവള്‍ കരയുകയായിരുന്നു. ഓടിയെത്തി മകളെ കെട്ടിപ്പിടിക്കാനോ ആശ്വസിപ്പിക്കാനോ സാധിക്കാതെ ആ അമ്മയും. ചൈനയിലെ സിന്‍ഹുവ വാര്‍ത്താ ഏജന്‍സിയാണ് അമ്മയുടെയും മകളുടെയും വൈകാരികമായ കൂടിക്കാഴ്ചയുടെ വിഡിയോ പുറത്തുവിട്ടത്.

അമ്മ കൂടെയില്ലാത്തത് വലിയ സങ്കടമാണെന്ന് പറഞ്ഞ് കരയുന്ന മകളോട്, മാരക രോഗത്തിനെതിരെ പോരാടുകയാണ് അമ്മയെന്നും വൈറസിനെ തോല്‍പിച്ച് വീട്ടിലേക്ക് വരുമെന്നും അവര്‍ പറയുന്നു. സുഖമായിരിക്കൂവെന്നും അമ്മ മകളെ അകലെ നിന്ന് ആശ്വസിപ്പിക്കുന്നു.

കൊറോണ വായുവിലൂടെ പകരുമെന്നതിനാല്‍ ഇരുവര്‍ക്കും അടുത്തുവരാനോ തമ്മില്‍ തൊടാനോ അനുവാദമില്ല. അമ്മയ്ക്കായി കൊണ്ടുവന്ന ഭക്ഷണം മകള്‍ നിലത്ത് വെച്ച് മാറി നില്‍ക്കുകയും പിന്നീട് അമ്മ ഭക്ഷണം എടുത്ത് കൈവീശി മകളെ യാത്രയാക്കുകയുമാണ്.

ചൈനയില്‍ കൊറോണ ബാധിച്ച് മരണപ്പെട്ടവര്‍ 800 കടന്ന സാഹചര്യത്തില്‍ അതീവ മുന്‍കരുതലുകളാണ് കൈക്കൊള്ളുന്നത്. കൊറോണ ബാധിതരെ ചികിത്സിക്കുന്ന ആശുപത്രികളിലെ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ ഉള്‍പ്പടെ ജീവനക്കാര്‍ക്കും കര്‍ശന നിയന്ത്രണങ്ങളുണ്ട്.

Top