ശുചീകരണ യജ്ഞത്തില്‍ പങ്കെടുക്കാന്‍ മോഹന്‍ലാലിനും മമ്മൂട്ടിക്കും പ്രധാനമന്ത്രിയുടെ കത്ത്

ന്യൂഡല്‍ഹി: സ്വഛ് ഭാരത് പദ്ധതിയുടെ നേട്ടങ്ങള്‍ വിവരിച്ച് പ്രമുഖര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കത്ത്. മമ്മൂട്ടിക്കും മോഹന്‍ലാലിനും അടക്കം പ്രമുഖര്‍ക്കാണ് കേരളത്തില്‍ കത്ത് ലഭിച്ചിരിക്കുന്നത്.

മഹാത്മാ ഗാന്ധിയുടെ 150ാം ജന്‍മവാര്‍ഷികവും സ്വഛ് ഭാരത് പദ്ധതിയുടെ നാലാം ജന്‍മവാര്‍ഷികവും വിപുലമായി ആഘോഷിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതി. ഇതില്‍ രാഷ്ട്രീയ ഭേദമന്യേ എല്ലാവരും പങ്കെടുക്കണമെന്ന് മോദി ആഹ്വാനം ചെയ്തു. പ്രമുഖ താരങ്ങള്‍ക്ക് പുറമെ മറ്റു താരങ്ങള്‍ക്കും മാധ്യമസ്ഥാപനങ്ങള്‍ക്കും കത്ത് ലഭിച്ചിട്ടുണ്ട്.

റിമ കല്ലിങ്കല്‍, പാര്‍വതി, ദുല്‍ഖര്‍ സല്‍മാന്‍, ദിലീഷ് പോത്തന്‍, നിവിന്‍ പോളി, സൗബിന്‍ താഹിര്‍, അനു സിതാര എന്നിവര്‍ക്കും പ്രധാനമന്ത്രിയുടെ കത്ത് ലഭിച്ചു.

വീടുകളുടേയും സ്ഥാപനങ്ങളുടേയും പരിസരം ശുചീകരിക്കണമെന്നും സ്വച്ഛ് ഭാരത് മികച്ച രീതിയില്‍ നടപ്പാക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. സ്വച്ഛ് ഭാരത് എത്രയും പെട്ടെന്ന് യാഥാര്‍ത്ഥ്യമാക്കണമെന്നും കത്തില്‍ പറയുന്നു.

നരേന്ദ്ര മോദി സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ സ്വച്ഛ് ഭാരതിന് 2014 ലാണ് തുടക്കം കുറിച്ചത്. തലസ്ഥാന നഗരമായ ഡല്‍ഹിയിലെ വാത്മികി ബസ്തിയില്‍ സ്വയം ചൂലെടുത്ത് വൃത്തിയാക്കിയാണ് മോദി സ്വച്ഛ് ഭാരതിനായി ആഹ്വാനം ചെയ്തത്

Top