ന്യൂഡല്‍ഹി: പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലുമുണ്ടായ ഭൂകമ്പത്തെ തുടന്ന് ഉത്തരേന്ത്യയിലും പ്രകമ്പനം. അഫ്ഗാനിസ്ഥാന്‍-താജിക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ പുലര്‍ച്ചെ 12.44നാണ് റിക്ടര്‍ സ്‌കെയിലില്‍ 6.2 രേഖപ്പെടുത്തിയ ഭൂകമ്പം അനുഭവപ്പെട്ടത്. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
അഫ്ഗാന്റെ തലസ്ഥാനമായ കാബൂളിലെ വടക്ക് കിഴക്കന്‍ മേഖലയില്‍ നിന്ന് 280 കിലോമീറ്റര്‍ അകലെ കടലില്‍ 203 കിലോമീറ്റര്‍ ആഴത്തിലായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.
ഇന്ത്യയില്‍ ചണ്ഡീഗഡ്, ശ്രീനഗര്‍,ജയ്പൂര്‍, ഡല്‍ഹി തുടങ്ങിയിടങ്ങളിലാണ് ഭൂകമ്പത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടത്. പാകിസ്ഥാന്റെ തലസ്ഥാനമായ ഇസ്ലാമാബാദിലും പ്രകമ്പനം അനുഭവപ്പെട്ടു. കെട്ടിടങ്ങള്‍ ശക്തിയായി കുലുങ്ങിയതായി വിദേശ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഡല്‍ഹിയില്‍ രണ്ടു തവണ അനുഭവപ്പെട്ട ഭൂകമ്പം ഏകദേശം രണ്ടുമിനിറ്റോളം നീണ്ടുനിന്നു. എന്നാല്‍ എങ്ങുനിന്നും അപകടവിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ഡല്‍ഹി പൊലീസ് ട്വീറ്റ് ചെയ്തിട്ടുണ്ട്. പാകിസ്താനിലും, പാക് നിയന്ത്രണ കശ്മീരിലുമുണ്ടായ ഭൂകമ്പത്തെത്തുടര്‍ന്ന് വിവിധയിടങ്ങളിലായി 37 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് വിവരങ്ങള്‍. എങ്ങും ആളപായമുണ്ടായതായി വിവരങ്ങള്‍ ലഭിച്ചിട്ടില്ല.


