പതിനേഴാം ലോക്സഭയിലേക്കുള്ള അവസാനഘട്ട വോട്ടെടുപ്പ് നാളെ ; ഇന്ന് നിശ്ശബ്ദ പ്രചരണം

ന്യൂഡല്‍ഹി : പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് നാളെ. എട്ട് സംസ്ഥാനങ്ങളിലായി 59 മണ്ഡലങ്ങള്‍ ആണ് അവസാന ഘട്ടത്തില്‍ വിധി എഴുതുക. ഉത്തർപ്രദേശിലെ 13 മണ്ഡലങ്ങളിലും പശ്ചിമ ബംഗാളിലെ 9 മണ്ഡലങ്ങളിലും അവസാന ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിക്കുന്ന വാരാണസിയും നാളെ വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ ഉൾപ്പെടുന്നു.

ആകെ 542 മണ്ഡലങ്ങളിലെ വോട്ടെടുപ്പാകും നാളെ പൂർത്തിയാകുക. നിശ്ശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകളില്‍ വോട്ടുറപ്പിക്കാനുള്ള ശ്രമത്തിലാണ് രാഷ്ട്രീയപാര്‍ട്ടികള്‍. ഇന്ന് വാര്‍ത്ത സാമ്മേളനങ്ങള്‍ അടക്കമുള്ളവക്കും തെരെഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ബീഹാര്‍, പശ്ചിമബംഗാള്‍, ഝാര്‍ഖണ്ഡ്,മധ്യപ്രദേശ്,പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ 58 മണ്ഡലങ്ങള്‍, ഒപ്പം കേന്ദ്രഭരണപ്രദേശമായ ചണ്ഡിഗഡുമാണ് നാളെ വിധി എഴുതുക.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേദാർനാഥ് ക്ഷേത്രം സന്ദർശിക്കും. അവസാനഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് സന്ദർശനം. നാളെ ബദരിനാഥിലും പ്രധാനമന്ത്രി എത്തുന്നുണ്ട്.

പശ്ചിമബംഗാളിൽ കനത്ത സുരക്ഷയാണ് വോട്ടെടുപ്പിനായി ഒരുക്കിയിരിക്കുന്നത്. അക്രമസംഭവങ്ങള്‍ തെരെഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപടെലിനും പരസ്യപ്രചാരണ സമയം വെട്ടിക്കുറക്കുന്നതിനും കാരണമായി. അക്രമത്തിനിടെ കൊല്‍ക്കത്തയില്‍ വിദ്യാസാഗറിന്റെ പ്രതിമ തകര്‍ക്കപ്പെട്ടത് ബംഗാളില്‍ ബി.ജെ.പിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. പ്രതിമ തകര്‍ത്തത് ബി.ജെ.പി പ്രവര്‍ത്തകരാണെന്ന് തൃണമൂല്‍ ആരോപിക്കുന്നു.

Top