താത്ക്കാല്‍ ടിക്കറ്റ്: നാല് വര്‍ഷത്തിനിടെ ഇന്ത്യന്‍ റെയില്‍വേയ്ക്ക് ലഭിച്ചത് 25,392 കോടി

ന്യൂഡല്‍ഹി: നാല് വര്‍ഷത്തിനിടെ തത്ക്കാല്‍ ടിക്കറ്റ് ബുക്കിങ് വഴി ഇന്ത്യന്‍ റെയില്‍വെ നേടിയത് 25,392 കോടി രൂപ. 2016 നും 2019 നുമിടയില്‍ തത്ക്കാല്‍ ടിക്കറ്റ് ബുക്കിങില്‍ നിന്ന് 21,530 കോടി രൂപയും തത്ക്കാല്‍ പ്രീമിയം ടിക്കറ്റുകളില്‍ നിന്ന് അധികവരുമാനമായി 3,862 കോടി രൂപയും റെയില്‍വേയ്ക്ക് ലഭിച്ചു. തത്ക്കാല്‍ പ്രീമിയം ടിക്കറ്റുകളിലെ വരുമാനത്തില്‍ ഈ കാലയളവില്‍ 62ശതമാനം വര്‍ധനവാണുണ്ടായത്.

അവസാനനിമിഷം യാത്രാടിക്കറ്റ് ആവശ്യമുള്ളവര്‍ക്കായി ഇന്ത്യന്‍ റെയില്‍വെ ഏര്‍പ്പെടുത്തിയ സംവിധാനമാണ് തത്ക്കാല്‍ പദ്ധതി. മുന്‍ റെയില്‍വെ വകുപ്പ് മന്ത്രി നിതീഷ് കുമാറിന്റെ കാലത്താണ് ഈ പദ്ധതി ആരംഭിച്ചത്. ഈ പദ്ധതി പ്രകാരം സ്ലീപ്പര്‍ ക്ലാസ്, എ.സി. ചെയര്‍ കാര്‍, ത്രീ ടയര്‍ എസി, ടു ടയര്‍ എ.സി എന്നിങ്ങനെ എക്‌സ്പ്രസ്സ് അടക്കം എല്ലാ തീവണ്ടികളിലും മുന്‍കൂര്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കും. സെക്കന്‍ഡ്ക്ലാസില്‍ ഓരോവണ്ടിയിലും ആവശ്യമനുസരിച്ച് ചിലപ്പോള്‍ രണ്ടുകോച്ചുകള്‍വരെ തത്കാലിന് നീക്കിവെക്കുന്നുണ്ട്.

തിരഞ്ഞെടുക്കപ്പെട്ട ട്രെയിനുകളിലാണ് പ്രീമിയം തത്ക്കാല്‍ ടിക്കറ്റുകള്‍ ലഭ്യമാക്കിയിരിക്കുന്നത്. 50% തത്ക്കാല്‍ ടിക്കറ്റുകള്‍ പ്രീമിയം ഗണത്തില്‍ പെടുത്തിയാണ് യാത്രക്കാര്‍ക്ക് നല്‍കി വരുന്നത്.

2017-2018 ല്‍ തത്ക്കാല്‍ ടിക്കറ്റ് ബുക്കിങില്‍ നിന്ന് റെയില്‍വേയ്ക്ക് 6,952 കോടി ലഭിച്ചിരുന്നു. 2016 മുതല്‍ 2019 വരെ തത്ക്കാല്‍ പ്രീമിയം ടിക്കറ്റുകളിലെ 62 ശതമാനം വര്‍ധനവാണ് ഉണ്ടായത്. സാമൂഹ്യപ്രവര്‍ത്തകനായ മധ്യപ്രദേശ് സ്വദേശി ചന്ദ്രശേഖര്‍ ഗോര്‍ നല്‍കിയ വിവരാവകാശ ഹര്‍ജിയെ തുടര്‍ന്നാണ് ഈ കണക്കുകള്‍ റെയില്‍വേ നല്‍കിയത്.

രാജ്യത്തൊട്ടാകെ 2,677 ട്രെയിനുകളില്‍ തത്ക്കാല്‍ സംവിധാനം വഴി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. ആകെയുള്ള 11.57 ലക്ഷം ട്രെയിന്‍ സീറ്റുകളില്‍ 1.71 ലക്ഷം സീറ്റുകളുടെ ടിക്കറ്റ് ഈ സംവിധാനമുപയോഗിച്ച് ബുക്ക് ചെയ്യാം.

Top