പരിശീലക സംഘത്തില്‍ അവസാന നിമിഷ മാറ്റം; സിതാന്‍ഷു കൊട്ടക് ഇന്ത്യന്‍ ടീമിനെ തയ്യാറാക്കും

ജൊഹന്നസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടീം ഇന്ത്യയുടെ ഏകദിന പരമ്പരയില്‍ പരിശീലക സംഘത്തില്‍ അവസാന നിമിഷം മാറ്റം. മുഖ്യ കോച്ച് രാഹുല്‍ ദ്രാവിഡിന് പകരം ബെംഗളൂരു ദേശീയ ക്രിക്കറ്റ് അക്കാഡമിയിലെ സിതാന്‍ഷും കൊടാക് നേതൃത്വം നല്‍കുന്ന പരിശീലക സംഘമാണ് ഇന്ത്യന്‍ ടീമിനെ തയ്യാറാക്കുക. ദ്രാവിഡിന്റെ അഭാവത്തില്‍ സാധാരണയായി ടീമിനെ ഒരുക്കാറുള്ള എന്‍സിഎ തലവന്‍ വിവിഎസ് ലക്ഷ്മണ്‍ ഇത്തവണയില്ല എന്നതും ശ്രദ്ധേയമാണ്. മൂന്ന് ഏകദിനങ്ങളാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലുള്ളത്. ആദ്യ ഏകദിനം നാളെ (ഡിസംബര്‍ 17) ജൊഹന്നസ്ബര്‍ഗില്‍ നടക്കും.

മൂന്ന് വീതം ട്വന്റി 20, ഏകദിന പരമ്പരകളും രണ്ട് ടെസ്റ്റുമാണ് ടീം ഇന്ത്യയുടെ മുഴുനീള ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലുള്ളത്. ഇതിന് പുറമെ ഇന്ത്യന്‍ എ ടീമും ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലാണ്. ടി20 പരമ്പര ഇതിനകം അവസാനിച്ചപ്പോള്‍ ഡിസംബര്‍ 17, 19, 21 തിയതികളാണ് ഏകദിന മത്സരങ്ങള്‍. അതേസമയം തന്നെ ഡിസംബര്‍ 20-22 തിയതികളില്‍ വരുന്ന ത്രിദിന സന്നാഹ മത്സരത്തിനായി രാഹുല്‍ ദ്രാവിഡും അദേഹത്തിന്റെ പരിശീലക സംഘവും പോകുന്നതിനാലാണ് മൂന്ന് ഏകദിനങ്ങള്‍ക്കായി താല്‍ക്കാലി പരിശീലനെ ബിസിസിഐ ആശ്രയിക്കുന്നത്. നിര്‍ണായകമായ ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പുള്ള പരിശീലനത്തില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്താനാണ് ദ്രാവിഡിന്റെ പദ്ധതി. ദേശീയ ക്രിക്കറ്റ് അക്കാഡമിയിലെ സിതാന്‍ഷും കൊടാക് മുഖ്യപരിശീലകനായും അജയ് രാത്ര ഫീല്‍ഡിംഗ് പരിശീലകനായും റജീബ് ദത്ത ബൗളിംഗ് കോച്ചാമായുള്ള സംഘമാണ് മൂന്ന് ഏകദിനങ്ങളുടെ പരമ്പരയില്‍ കെ എല്‍ രാഹുലിനെയും കൂട്ടരെയും പരിശീലിപ്പിക്കുക. മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണും ഏകദിന സ്‌ക്വാഡിലുണ്ട്.

ഏകദിന പരമ്പരയില്‍ നിന്ന് രാഹുല്‍ ദ്രാവിഡ് മാറി നില്‍ക്കുന്നത് ടെസ്റ്റില്‍ ശ്രദ്ധകേന്ദ്രീകരിക്കാനാണ് എന്നാണ് റിപ്പോര്‍ട്ട്. സെഞ്ചൂറിയനില്‍ ഡിസംബര്‍ 26, ന്യൂലന്‍ഡ്‌സില്‍ 2024 ജനുവരി 3 തിയതികളിലാണ് ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ട് ടെസ്റ്റുകള്‍ തുടങ്ങുക. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ നിര്‍ണായ പോയിന്റുകള്‍ നേടാനായി ഈ മത്സരങ്ങള്‍ക്ക് മുമ്പ് ബുദ്ധി കൂര്‍പ്പിക്കുകയാണ് ദ്രാവിഡ്. ഇതോടൊപ്പം ദക്ഷിണാഫ്രിക്കയില്‍ ചരിത്ര ടെസ്റ്റ് പരമ്പര ജയവും ഇന്ത്യ നോട്ടമിടുന്നു. അവസാനം ദക്ഷിണാഫ്രിക്കയില്‍ നടന്ന 2021-22 പരമ്പരയില്‍ ആദ്യ ടെസ്റ്റില്‍ ജയിച്ച ശേഷം അടുത്ത രണ്ട് മത്സരങ്ങളും ഇന്ത്യ കൈവിട്ടിരുന്നു. ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പ് ടീമിന്റെ പരിശീലനവും സന്നാഹ മത്സരങ്ങളും പൂര്‍ണമായും രാഹുല്‍ ദ്രാവിഡിന്റെ മേല്‍നോട്ടത്തിലായിരിക്കും.

Top