ലസ്സിയിലെ മാലിന്യം; നടത്തിപ്പുകാരന്‍ മുങ്ങി, നടപടി സ്വീകരിക്കാതെ അധികൃതര്‍

lassy

കൊച്ചി: മാമംഗലം-കറുകപള്ളി റോഡിനു സമീപത്തായി പ്രവര്‍ത്തിച്ചിരുന്ന ലസ്സി കേന്ദ്രത്തിന്റെ നടത്തിപ്പുകാരനായ ടി.എഷിഹാബുദ്ദീന്‍ മുങ്ങിയതായി സൂചന. ഇയാളെ കണ്ടെത്താനോ ഇയാള്‍ക്കെതിരെ നടപടി സ്വീകരിക്കാനോ ഭക്ഷ്യസുരക്ഷ വിഭാഗത്തിനോ, കൊച്ചി കോര്‍പ്പറേഷനോ ഇതുവരെ സാധിച്ചിട്ടില്ലെന്നാണ് വിവരം.

ലസ്സി കൂപ്പയിലെ ജോലിക്കാരായ അന്യ സംസ്ഥാന തൊഴിലാളികളെ മാത്രമാണ് പൊലീസ് പിടികൂടി ചോദ്യം ചെയ്തത്. അതേസമയം ഉടമയുടെ ഫോണ്‍ സ്വിച്ച് ഓഫാണെന്നാണ് കൊച്ചി കോര്‍പറേഷന്‍ ആരോഗ്യ വിഭാഗം സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ മിനിമോള്‍ പറയുന്നത്.

കൊച്ചിയിലെ ലസ്സികേന്ദ്രത്തില്‍ നിന്നും വ്യത്തി ഹീനമായ സാഹചര്യത്തില്‍ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പിടികൂടിയ സംഭവത്തില്‍ കൊച്ചി കോര്‍പ്പറേഷനും ഭക്ഷ്യ സുരക്ഷാ വിഭാഗവും കൂടുതല്‍ നടപടിക്കൊരുങ്ങുന്നതിനിടെയാണ് ഉടമയെ കാണാതായത്.

ഷിഹാബുദ്ദീന്‍ വാടകയെക്കെടുത്ത വീടിന്റെ കരാറുമാത്രമാണ് തെളിവായി ഇപ്പോള്‍ കോര്‍പ്പറേഷന്റേയും, ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റേയും കൈയ്യിലുള്ളത്. മറ്റു തെളിവുകളൊന്നും നിലവില്‍ ഇവരുടെ പക്കലില്‍ ഇല്ല.

അതേസമയം കേരളത്തിലുട നീളം പ്രവര്‍ത്തിക്കുന്ന ഡേസ്സി കൂപ്പ എന്ന പേരിലുള്ള 75-ഓളം ഷോപ്പുകള്‍ ഇവരുടേതാണെന്നും കോര്‍പ്പറേഷന്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഷിഹാബുദ്ദിന്‍ കേന്ദ്രത്തിന്റെ ഉടമയെല്ലെന്നും യഥാര്‍ഥ ഉടമയായ സുള്‍ഫിക്കര്‍ കരാറിലെ ഒരു സാക്ഷിമാത്രമാണെന്നും കണ്ടെത്തിയതായി മിനിമോള്‍ പറഞ്ഞു.

പിടിച്ചെടുത്ത സാമ്പിളുകള്‍ പരിശോധിച്ച് മായം കണ്ടെത്തിയാല്‍ ഉടമയായ ഷിഹാബുദ്ദീനെതിരെ നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം എറണാകുളം അസിസ്റ്റന്റ് കമ്മീഷണര്‍ ഷിബു അറിയിച്ചു.

Top