കശ്മീർ ലക്ഷ്യമാക്കി ലഷ്‌ക്കര്‍ സംഘം ; നുഴഞ്ഞു കയറാന്‍ പദ്ധതിയിടുന്നുവെന്ന് ഇന്റലിജന്‍സ്

terror

ശ്രീനഗര്‍: പാക്കിസ്ഥാൻ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ആക്രമണം തുടരുന്നതിനിടെ അതിര്‍ത്തിയില്‍ നുഴഞ്ഞു കയറാന്‍ പദ്ധതിയുമായി തീവ്രവാദികള്‍. കശ്മീരിലേക്ക് നുഴഞ്ഞു കയറാന്‍ ലഷ്‌കറെ ത്വയ്ബ സംഘം തയ്യാറെടുക്കുന്നതായി രഹസ്യാന്വേഷണ വിഭാഗം കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്ക് അറിയിപ്പ് നല്‍കി.

കശ്മീര്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ കഴിഞ്ഞ ആഴ്ചയാണ് അധികൃതര്‍ക്ക് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കിയത്. അധികൃതര്‍ക്ക് മുന്‍കരുതലെടുക്കാനുള്ള നിര്‍ദേശവും നല്‍കിയിട്ടുണ്ട്. 45 അംഗ സംഘത്തെ കശ്മീരിലേക്ക് കടത്തി കശ്മീര്‍ താഴ്‌വരയില്‍ ആക്രമണം നടത്താനാണ് ലഷ്‌കര്‍ സംഘം ലക്ഷ്യമിടുന്നത്.

നുഴഞ്ഞു കയറ്റത്തിന് പാക്കിസ്ഥാന്റെ സഹായം ഉണ്ടെന്ന് ഇന്റലിജന്‍സ് ഏജന്‍സി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. പൂഞ്ച് ജില്ലയിലെ കൃഷ്ണ ഘട്ടി സെക്ടറില്‍ നാംഗിതെക്രി മേഖലയെ കുറിച്ച് രഹസ്യന്വേഷണ വിവരത്തില്‍ പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട്. അടുത്തിടെ പാക്കിസ്ഥാന്‍ ഷെല്ലാക്രമണം നടത്തിയ പ്രദേശങ്ങളിലൊന്നാണ് നാംഗിതെക്രി മേഖല.

റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്ന പ്രദേശങ്ങളെല്ലാം ഇന്ത്യന്‍ ഇന്‍ഫന്‍ട്രി ബ്രിഗേഡിന്റെ കീഴിലാണെന്നും ഇവരോടൊപ്പം ബിഎസ്എഫും ശക്തമായ സുരക്ഷ ഒരുക്കുമെന്നും കശ്മീര്‍ പൊലീസ് അറിയിച്ചു.

Top