ബന്ദിപ്പോരയില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ അഞ്ച് ലഷ്‌കര്‍-ഇ-തോയ്ബ ഭീകരര്‍ കൊല്ലപ്പെട്ടു

army

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബന്ദിപ്പോരയില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ അഞ്ച് ലഷ്‌കര്‍-ഇ-തോയ്ബ ഭീകരര്‍ കൊല്ലപ്പെട്ടു. ബന്ദിപ്പോര ജില്ലയിലെ വനമേഖലയില്‍ വച്ചാണ് ഏറ്റുമുട്ടല്‍ നടന്നത്. നിയന്ത്രണ രേഖ കടന്ന് കശ്മീരിലേക്ക് അതിക്രമിച്ച് കയറാന്‍ ശ്രമിച്ച ഭീകരരാണ് കൊല്ലപ്പെട്ടത്.

സ്ഥലത്ത് ഭീകരവാദികളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് സുരക്ഷാ സേന തെരച്ചില്‍ നടത്തുകയായിരുന്നു. മൂന്ന് ദിവസം നീണ്ടുനിന്ന ഏറ്റുമുട്ടലില്‍ ഏഴ് ഭീകരവാദികളെയാണ് സൈന്യം വധിച്ചത്. സംഭവ സ്ഥലത്തുനിന്നും നിരവധി ആയുധങ്ങളും, വെടിമരുന്നും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

അതേസമയം ജമ്മു കശ്മീരിലെ ഷോപിയാനില്‍ നിന്നും തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ മൂന്ന് പൊലീസുകാരെ കൊലപ്പെടുത്തിയിരുന്നു. ഫിര്‍ദോസ് അഹമ്മദ് കുച്ചേ, കുല്‍വന്ദ് സിംഗ്, നിസാര്‍ അഹമ്മദ് ധോബി എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ മൃതദേഹങ്ങള്‍ പൊലീസ് കണ്ടെടുത്തു. പൊലീസുകാരില്‍ ഒരാളെ ഗ്രാമീണരുടെ സഹായത്തോടെ പൊലീസും സൈന്യവും ചേര്‍ന്ന് രക്ഷിച്ചുവെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചിരുന്നു.

തട്ടിക്കൊണ്ടു പോയ പൊലീസ് ഉദ്യോഗസ്ഥരോട് ജോലിയില്‍ നിന്നും രാജിവയ്ക്കാന്‍ തീവ്രവാദികള്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയതായും ഇല്ലെങ്കില്‍ കൊല്ലുമെന്ന് ഭീക്ഷണിപ്പെടുത്തിയതായും പൊലീസ് പറഞ്ഞിരുന്നു. കര്‍പ്രാന്‍ ഗ്രാമത്തിലെ പൊലീസുകാരുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറിയ ഭീകരര്‍ ഇവരെ വലിച്ചിഴച്ചു പുറത്തുകൊണ്ടുപോവുകയായിരുന്നു.

മൂന്ന് ആഴ്ചയ്ക്ക് മുമ്പ് മൂന്ന് പൊലീസുകാരെയും അവരുടെ കുടുംബത്തെയും തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയിരുന്നു. ഇവരെ മോചിപ്പിക്കുന്നതിനായി ഹിസ്ബുള്‍ മുജാഹിദിന്‍ ഭീകരന്‍ റിയാസ് നയികോയുടെ പിതാവ് ഉള്‍പ്പെടെ 12 ഭീകരരുടെ കുടുംബാംഗങ്ങളെയാണ് വിട്ടയച്ചത്.

Top