ഇസ്ലാമാബാദ് : ലഷ്‌കര്‍-ഇ-ത്വയ്ബയുടെ മുന്‍ കമാന്‍ഡര്‍ അക്രം ഖാനെ പാകിസ്താനില്‍ അജ്ഞാതര്‍ വെടിവെച്ച് കൊന്നു. ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലെ ബജൗര്‍ ജില്ലയില്‍വെച്ചാണ് ആയുധധാരികള്‍ അക്രം ഖാനെ വധിച്ചത് എന്നാണ് റിപ്പോര്‍ട്ട്. 2018 മുതല്‍ 2020 വരെ എല്‍ഇടി റിക്രൂട്ട്മെന്റ് സെല്ലിനെ നയിച്ച ഗാസി നിരവധി തവണ പാകിസ്താനില്‍ ഇന്ത്യാ വിരുദ്ധ പ്രസംഗങ്ങള്‍ നടത്തിയിട്ടുണ്ട്. അക്രം ഗാസി എന്ന പേരിലും ഇയാള്‍ അറിയപ്പെട്ടിരുന്നു.
ഈ സെപ്റ്റംബറില്‍ ധാന്‍ഗ്രി ഭീകരാക്രമണത്തിന്റെ സൂത്രധാരന്മാരില്‍ ഒരാളായ അബു ഖാസിം എന്ന റിയാസ് അഹമ്മദിനെ പാക് അധീന കശ്മീരിലെ പള്ളിയില്‍ വച്ച് അജ്ഞാതര്‍ വെടിവെച്ച് കൊന്നിരുന്നു. പൂഞ്ച്, രജൗരി എന്നിവിടങ്ങളില്‍ നടന്ന പല ആക്രമണങ്ങളിലും മുഖ്യ പങ്ക് വഹിച്ചിട്ടുള്ള വ്യക്തിയാണ് അഹ്‌മദ്. അടുത്തിടെയാണ് ഇയാള്‍ റാവല്‍കോട്ടിലേക്ക് മാറിയത്.
ഒക്ടോബറില്‍ പത്താന്‍കോട്ട് ആക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ഷാഹിദ് ലത്തീഫിനെ പാകിസ്താനില്‍ വെച്ച് വെടിവെച്ച് കൊന്നിരുന്നു. 2016ല്‍ പത്താന്‍കോട്ട് എയര്‍ഫോഴ്സ് സ്റ്റേഷനില്‍ നുഴഞ്ഞുകയറി ആക്രമണം നടത്തിയ നാല് ഭീകരരുടെ ഹാന്‍ഡ്ലറായിരുന്നു ലത്തീഫ്.