ലഷ്‌കര്‍ നേതൃത്വത്തിലേക്കു കശ്മീര്‍ സ്വദേശിയെ തെരഞ്ഞെടുക്കും, സ്ഥിരീകരിക്കാതെ ഇന്റലിജന്‍സ്

ന്യൂഡല്‍ഹി: ലഷ്‌കര്‍-ഇ-ത്വയ്ബയുടെ അടുത്ത തലവനായി കശ്മീര്‍ സ്വദേശിയെ തെരഞ്ഞെടുക്കുമെന്നു റിപ്പോര്‍ട്ട്.

സീനത് ഉള്‍ ഇസ്ലാം ലഷ്‌കര്‍ നേതൃത്വത്തിലേക്കു തെരഞ്ഞെടുക്കപ്പെടുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

സ്ഫോടക വസ്തുക്കളുടെ പ്രവര്‍ത്തനത്തില്‍ വിദഗ്ധനായ സീനത് ദക്ഷിണ കശ്മീരിലെ ഷോപ്പിയാന്‍ സ്വദേശിയാണ്.

സീനത്ത് നേതൃത്വത്തിലെത്തിയാല്‍ ലഷ്‌കര്‍ നേതൃസ്ഥാനത്ത് എത്തുന്ന ആദ്യ കശ്മീര്‍ സ്വദേശിയാകും ഇയാള്‍. അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്കു നേര്‍ക്കുണ്ടായ ആക്രമണത്തിന്റെ സൂത്രധാരനും പാക്കിസ്ഥാന്‍ പൗരനുമായ ലഷ്‌കര്‍ കമാന്‍ഡര്‍ അബു ഇസ്മായില്‍ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് സീനത് ലഷ്‌കര്‍ നേതൃത്വത്തിലേക്കു വരുന്നത്.

അതേസമയം സീനത്തിന്റെ നേതൃത്വത്തെ സാധൂകരിക്കുന്ന റിപ്പോര്‍ട്ടുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് ഇന്റലിജന്‍സ് വൃത്തങ്ങള്‍ അറിയിക്കുന്നത്. എന്നാല്‍ ലഷ്‌കര്‍ നേതൃത്വത്തിലേക്കു സീനത് എത്തുമെന്ന് കശ്മീര്‍ പോലീസ് സൂചന നല്‍കുന്നുണ്ട്.

പാക്കിസ്ഥാന്‍ പൗരനായ ലഷ്‌കര്‍ കമാന്‍ഡര്‍ അബു ഇസ്മായില്‍ ഉള്‍പ്പെടെ രണ്ടു ഭീകരരെ സുരക്ഷാസേന കഴിഞ്ഞദിവസം ഏറ്റുമുട്ടലില്‍ വധിച്ചിരുന്നു. കശ്മീരില്‍ നിരവധി ആക്രമണങ്ങള്‍ നടത്തിയിട്ടുള്ള കൊടുംഭീകരനാണ് അബു ഇസ്മായില്‍. അബു ദുജാന കൊല്ലപ്പെട്ടശേഷം കശ്മീരില്‍ ലഷ്‌കര്‍-ഇ-ത്വയ്ബയുടെ തലവനായി പ്രവര്‍ത്തിച്ചുവരികയായിരുന്നു അബു ഇസ്മായില്‍.

Top