സമരക്കാരെ നേരിടുവാന്‍ പൊലീസിന് സഹായകം; പുതിയ ലേസര്‍ഗണ്ണുമായി ചൈന രംഗത്ത്

LAZER-GUN

ബെയ്ജിങ്: സമരക്കാരെ നേരിടുവാന്‍ പൊലീസിന് സഹായകമാകുന്ന പുതിയ ലേസര്‍ഗണ്ണുമായി ചൈന രംഗത്ത്. ഒരു കിലോമീറ്ററോളം ദുരെ നിന്ന് വരെ സമരക്കാരുടെ കൈവശമുള്ള ബാനറുകളും കൊടികളും കരിച്ചു കളയാന്‍ സഹായിക്കുന്ന തരത്തിലുള്ള ലേസര്‍ഗണ്ണാണ് ചൈനയിലെ ഷിയാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒപ്റ്റിക്‌സ് ആന്‍ഡ് പെര്‍സിഷന്‍ മെക്കാനിക്‌സ് ( Xian Institute of Optics and Precision Mechanics ) നിര്‍മ്മിച്ചിരിക്കുന്നത്. ഷാന്‍സിയിലെ ചൈനീസ് അക്കാദമി ഓഫ് സയന്‍സിലാണ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തിക്കുന്നത്.

ZKZM 500 എന്നാണ് ലേസര്‍ഗണ്ണിന് പേര് നല്‍കിയിരിക്കുന്നത്. ഇതില്‍ നിന്നുള്ള ലേസര്‍ രശ്മികള്‍ നഗ്‌നനേത്രങ്ങള്‍ക്ക് കാണാന്‍ സാധിക്കുന്നതല്ല. മാത്രമല്ല ശബ്ദം ഒട്ടും പുറപ്പെടുവിക്കാതെ ഇതിന് പ്രവര്‍ത്തിക്കാനും സാധിക്കും. റീചാര്‍ജ് ചെയ്യാവുന്ന ലിഥിയം ബാറ്ററിയണ് ലേസര്‍ഗണ്ണിന് ഊര്‍ജം നല്‍കുന്നത്. ഓരോതവണ റീചാര്‍ജ് ചെയ്യുമ്പോഴും 1000 തവണ ഉപയോഗിക്കാന്‍ സാധിക്കുമെന്നാണ് വിവരങ്ങള്‍.

കൊടിയും ബാനറും മാത്രമല്ല പ്രയോഗിക്കുന്നത് ശ്രദ്ധിച്ചില്ലെങ്കില്‍ സമരക്കാരുടെ തലമുടിയും ഉടുത്തിരിക്കുന്ന വസ്ത്രങ്ങളും വരെ കരിച്ചുകളയാന്‍ തക്ക ശേഷിയുള്ളതാണ് പുതിയ ലേസര്‍ഗണ്‍. എന്നാല്‍ മനുഷ്യന്റെ ത്വക്കില്‍ പൊള്ളലേല്‍പ്പിക്കാന്‍ ഇതിന് സാധിക്കില്ലെന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്.

Top