Laser walls to cover 40 vulnerable unfenced stretches along India-Pak border

ന്യൂഡല്‍ഹി: പഠാന്‍കോട്ട് വ്യോമസേനാ താവളത്തിലുണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്ന് പഞ്ചാബിലെ പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ ഇന്ത്യ ലേസര്‍ ഭിത്തികള്‍ സ്ഥാപിക്കുന്നു. ഭീകരരുടെ നുഴഞ്ഞുകയറ്റം തടയുന്നതിനുവേണ്ടിയാണ് ലേസര്‍ ഭിത്തികള്‍ സ്ഥാപിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനമെടുത്തത്.

ഈ സംവിധാനം നിലവില്‍ വരുന്നതോടെ നുഴഞ്ഞുകയറ്റം പൂര്‍ണമായും അവസാനിപ്പിക്കാന്‍ കഴിയുമെന്നാണ് കരുതുന്നതെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു. കമ്പിവേലി സ്ഥാപിയ്ക്കാത്തയിടങ്ങളാണ് ലേസര്‍ വാളുകള്‍ സ്ഥാപിയ്ക്കാന്‍ തീരുമാനിച്ചത്. ബി.എസ്.എഫാണ് ഇത് തയ്യാറാക്കുന്നത്.

നിലവില്‍ മര്‍മ്മപ്രധാനമായ 40 ഓളം അതിര്‍ത്തി പ്രദേശങ്ങളില്‍ അഞ്ചോ ആറോ ഇടങ്ങളില്‍ മാത്രമാണ് ലേസര്‍ ഭിത്തികള്‍ സ്ഥാപിച്ചിട്ടുള്ളത്. ഇതിന്റെ പരിധിയില്‍ കൂടെ ആരെങ്കിലും കടന്നാല്‍ ഉടന്‍തന്നെ വിവരം ലഭിക്കും.

പഠാന്‍കോട്ട് ആക്രമണം നടത്തിയ ഭീകരര്‍ ഉജ്ജ് നദി തീരത്തിലൂടെയാണ് പഞ്ചാബിലെത്തിയത്. ഇവിടങ്ങളില്‍ ലേസര്‍ ഭിത്തി സ്ഥാപിച്ചിരുന്നില്ല. ഇവിടെ സ്ഥാപിച്ചിരുന്ന ക്യാമറ പ്രവര്‍ത്തന രഹിതമായിരുന്നുവെന്നും കണ്ടെത്തിയിരുന്നു. ആക്രമണത്തിനു പിന്നാലെ വ്യോമസേനാ താവളം സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, അതിര്‍ത്തികള്‍ സുരക്ഷിതമാക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു.

Top