കോലിയുടെ ടി20 നായകസ്ഥാനം ഒഴിയാനുള്ള തീരുമാനം ഞെട്ടിച്ചതായി ലാറ

ന്യൂഡല്‍ഹി: ഇന്ത്യയുടെ ടി20 നായകസ്ഥാനം ഒഴിയാനുള്ള വിരാട് കോലിയുടെ തീരുമാനം ഞെട്ടിച്ചുവെന്ന് വെസ്റ്റ് ഇന്‍ഡീസ് ബാറ്റിംഗ് ഇതിഹാസം ബ്രയാന്‍ ലാറ. നായകനായി മികച്ച പ്രകടനമാണ് കോലി കാഴ്ചവെച്ചതെന്നും ലാറ പറഞ്ഞു. വര്‍ക്ക് ലോഡ് പരിഗണിച്ച് ടി20 ലോകകപ്പിന് ശേഷം നായകസ്ഥാനം ഒഴിയും എന്നാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ ദിവസങ്ങള്‍ക്ക് മുമ്പ് കോലി അറിയിച്ചത്.

‘ഞാന്‍ ഞെട്ടിത്തരിച്ചു. കാരണം ക്യാപ്റ്റനായി മികച്ച പ്രകടനമാണ് കോലി പുറത്തെടുത്തത്. ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, ഓസ്‌ട്രേലിയ തുടങ്ങിയ വമ്പന്‍ രാജ്യങ്ങളെ പരാജയപ്പെടുത്തി. നായകനെന്ന നിലയില്‍ കോലിയുടെ ആദ്യ ടി20 ലോകകപ്പാണിത്. അതിന് ശേഷം സ്ഥാനമൊഴിയേണ്ടിവരുന്നതാണ് വലിയ ഞെട്ടലുണ്ടാക്കുന്നത്. മൂന്ന് ഫോര്‍മാറ്റിലുമുള്ള കോലിയുടെ പങ്കാളിത്തം പരിഗണിക്കുമ്പോള്‍ ടി20 ക്യാപ്റ്റന്‍സി ഒഴിയുന്നത് ചിലപ്പോള്‍ ഗുണകരമായിരിക്കും. ക്രിക്കറ്റിന്റെ മറ്റൊരു ഫോര്‍മാറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായേക്കും. ഞാനും കരിയറില്‍ ഇത്തരത്തില്‍ നായകസ്ഥാനം ഒഴിഞ്ഞിരുന്നു’ എന്നും ലാറ കൂട്ടിച്ചേര്‍ത്തു.

Top