മലപ്പുറത്ത് വീടിനുമുകളില്‍ മണ്ണിടിഞ്ഞ് ഒന്‍പത് മരണം; കേരളത്തിന് പ്രധാനമന്ത്രിയുടെ പിന്‍തുണ

മലപ്പുറം: മലപ്പുറം പെരിങ്ങാവില്‍ വീടിനു മുകളില്‍ മണ്ണിടിഞ്ഞ് ഒന്‍പതു മരണം. ബഷീര്‍, ഭാര്യ സാബിറ, മകള്‍ ഫായിസ, മകന്‍ മുഷ്ഫിക്ക്, ചേട്ടന്റെ ഭാര്യ ഹയറുന്നീസ, അയല്‍ക്കാരായ മൂസ ഇല്ലിപ്പറമ്പത്ത്, മുഹമ്മദലി, മക്കളായ സഫ്‌വാന്‍, ഇര്‍ഫാന്‍ അലി എന്നിവരാണു മരിച്ചത്.

സംസ്ഥാനത്ത് മഴ ശക്തമായതോടെ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും വ്യാപകമാകുന്ന സാഹചര്യമാണുളളത്. പത്തനംതിട്ടയിലെ കൊച്ചു പമ്പ, മൂഴിയാര്‍ അടക്കമുള്ള ഡാമുകളിലെ നീരൊഴുക്ക് ക്രമാതീതമായി ഉയരുകയാണ്.

പമ്പയില്‍ വെള്ളപ്പൊക്കം ശക്തമാണ്. ഇതേ തുടര്‍ന്ന് ഭക്തര്‍ ശബരിമല യാത്ര ഒഴിവാക്കണമെന്ന് ദേവസ്വം ബോര്‍ഡ് നിര്‍ദേശം നല്‍കി.
കേരളം ദുരിതം നേരിടുന്ന സാഹചര്യത്തില്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങുമായും ഫോണില്‍ സംസാരിച്ചു.

ആവശ്യമായ എല്ലാ സഹായവും ലഭ്യമാക്കുമെന്നു പ്രധാനമന്ത്രി ഉറപ്പു നല്‍കി. പമ്പയിലേക്കുള്ള ബസ് സര്‍വീസ് കെഎസ്ആര്‍ടിസി നിര്‍ത്തിവച്ചു.

Top