കനത്ത മഴ; പത്തനംതിട്ട,കോട്ടയം,കൊല്ലം ജില്ലകളില്‍ ഉരുള്‍പൊട്ടലും മലവെള്ളപ്പാച്ചിലും

പത്തനംതിട്ട: സംസ്ഥാനത്തിന്റെ വിവിധ മേഖകളില്‍ മഴ ശക്തമാവുന്നതിനിടെ മഴക്കെടുതികളും രൂക്ഷമാവുന്നു. കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളുടെ മലയോര മേഖലകളില്‍ കനത്ത മഴ തുടരുന്നതിനിടെ എരുമേലിയില്‍ ഉരുള്‍പൊട്ടലുണ്ടായി.

എരുമേലി കണമല എഴുത്വാപുഴയില്‍ രണ്ടിടത്താണ് ഉരുള്‍പൊട്ടിയത്. അപകടത്തില്‍ രണ്ട് വീടുകള്‍ തകര്‍ന്നു. ഇവിടങ്ങളിലുണ്ടായിരുന്നവരെ സാഹസികമായി രക്ഷപ്പെടുത്തി. ഇന്നലെ രാത്രിയാണ് ഉരുള്‍ പൊട്ടിയത്. കണമല എഴുത്വാപുഴ ബൈപ്പാസ് റോഡ് തകര്‍ന്നു. പ്രദേശവാസികളെ മാറ്റിപ്പാര്‍പ്പിച്ചു. ഇന്നലെ രാത്രി തുടങ്ങിയ മഴ പുലര്‍ച്ചെവരെ തുടര്‍ന്നതായി പഞ്ചായത്ത് എരുമേലി പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോര്‍ജ് പ്രതികരിച്ചു. 13 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. അപകടമറിഞ്ഞ് ആളുകള്‍ ഓടിമാറിയത് വലിയ ദുരന്തം ഒഴിവായി. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യങ്ങളില്ലെന്നും പഞ്ചായത്ത് പ്രസിഡന്റ് വ്യക്തമാക്കി.

പത്തനംതിട്ട കൊക്കാത്തോടും ഉരുള്‍പ്പൊട്ടല്‍ റിപ്പോര്‍ട്ട് ചെയ്തു. നാല് വീടുകളില്‍ വെള്ളം കയറിയതോട ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. അച്ചന്‍കോവിലാറിലും ജല നിരപ്പ് ഉയര്‍ന്നിട്ടുണ്ട്. പത്തനംതിട്ടയില്‍ മലയോര മേഖലയില്‍ കനത്ത മഴ തുടരുകയാണ്. കൊക്കാത്തോട് ഒരേക്കര്‍ ഭാഗത്ത് വെള്ളം കയറി. വനത്തിനുള്ളില്‍ ഉരുള്‍ പൊട്ടിയതായി സംശയം ഉണ്ടെങ്കിലും ഇതില്‍ സ്ഥിരീകരണമില്ല. മലവെള്ളപ്പാച്ചിലില്‍ ഒരു വീടിന് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.

കൊല്ലത്തെ മലയോര മേഖലകളിലും കനത്ത മഴ തുടരുകയാണ്. കൊല്ലം കുളത്തുപ്പുഴ അമ്പതേക്കറില്‍ ഉണ്ടായ മലവെള്ള പാച്ചിലില്‍ വില്ലുമല ആദിവാസി കോളനി ഒറ്റപ്പെട്ടു. പുലര്‍ച്ചെയോടെ ചെയ്ത മഴയെ തുടര്‍ന്നായിരുന്നു മലവെള്ള പാച്ചില്‍ രൂപം കൊണ്ടത്. ഇതോടെ ആദിവാസി കോളനിയെ പുറം ലോകവുമായി ബന്ധിപ്പിക്കുന്ന പാലം മുങ്ങി. ഇതുവരെ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മൂന്നു കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു.

അമ്പതേക്കറിന് പുറമെ കൊല്ലം ആര്യങ്കാവ് ഇടപ്പാളയം മേഖലയില്‍ കഴിഞ്ഞ രാത്രി ശക്തമായി മഴ പെയ്തു. ഒട്ടേറെ വീടുകളിലും കടകളിലും വെള്ളം കയറി. എന്നാല്‍ പുലര്‍ച്ചയോടെ മഴയ്ക്ക് ശമനം ഉണ്ടായിട്ടുണ്ട്.

Top