കോട്ടയം ജില്ലയില്‍ 33 പ്രദേശങ്ങളില്‍ മണ്ണിടിച്ചിലിന് സാധ്യതയെന്ന് മുന്നറിയിപ്പ്

കോട്ടയം: കോട്ടയത്ത് 33 ഇടങ്ങളില്‍ മണ്ണിടിച്ചില്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഇതില്‍ കൂടുതല്‍ സ്ഥലങ്ങളും കൂട്ടിക്കല്‍, തീക്കോയി മേഖലകളിലാണ്. കൂട്ടിക്കലില്‍ 11 ഇടങ്ങളില്‍ മണ്ണിടിച്ചില്‍ സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പ്. ഈ സ്ഥലങ്ങളില്‍ നിന്ന് ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റും. കൂട്ടിക്കല്‍, മുണ്ടക്കയം മേഖലകളില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദേശമുണ്ട്.

വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്നും ജനങ്ങളെ സുരക്ഷിത സ്ഥലത്തേക്ക് എത്തിക്കും. സ്വമേധയാ മാറിയില്ലെങ്കില്‍ മാറ്റാന്‍ നടപടിയെടുക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ക്യാമ്പുകളിലേക്ക് ജനങ്ങളെ മാറ്റാന്‍ കെഎസ്ആര്‍ടിസി സൗകര്യമൊരുക്കും. ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ തയ്യാറാണെന്ന് കോട്ടയം ജില്ലാ കളക്ടര്‍ അറിയിച്ചു. അതിനിടെ, ആവശ്യമെങ്കില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നതിനുള്ള മത്സ്യ ബന്ധന വള്ളങ്ങള്‍ ചങ്ങനാശേരി മുനിസിപ്പല്‍ ഗ്രൗണ്ടില്‍ എത്തിച്ചു.

Top