ശക്തമായ മഴ; തിരുവനന്തപുരം ആനാവൂരില്‍ മണ്ണിടിച്ചില്‍, അമ്പൂരി ആദിവാസി ഊര് ഒറ്റപ്പെട്ടു

തിരുവനന്തപുരം: ശക്തമായ മഴയെ തുടര്‍ന്ന് തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ മണ്ണടിച്ചില്‍. നെയ്യാറ്റിന്‍കര ആനാവൂരില്‍ ശാസ്താംപാറയ്ക്ക് അടിവാരത്താണ് മണ്ണിടിച്ചിലുണ്ടായത്. സമീപത്ത് വീടുകള്‍ ഇല്ലാത്തതിനാല്‍ ആളപായമില്ല. എന്നാല്‍ പ്രദേശത്തെ കൃഷിയിടങ്ങള്‍ മണ്ണിനടിയിലായി.

സുരക്ഷ മുന്നില്‍കണ്ട് പ്രദേശത്ത് നിന്ന് അന്‍പതോളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ബന്ധുവീടുകളിലേക്കും, ആനാവൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഒരുക്കിയ ദുരിതാശ്വാസ ക്യാമ്പിലേക്കുമാണ് ഇവരെ മാറ്റി പാര്‍പ്പിച്ചത്.

കുന്നത്തുകാല്‍ ഗ്രാമ പഞ്ചായത്തില്‍ ഉള്‍പ്പെട്ട പതിനഞ്ചില്‍ പരം ക്വാറികള്‍ പ്രവര്‍ത്തിക്കുന്ന മേഖലയാണിത്. അതിനാല്‍ തന്നെ നാട്ടുകാര്‍ ഭീതിയിലാണ്. പ്രദേശവാസികള്‍ക്ക് സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ഫയര്‍ഫോഴ്‌സിന്റയും പോലീസിന്റയും സേവനം ഇവിടെ ഉറപ്പുവരുത്തിയിട്ടുണ്ട്. വനമേഖലകളിലും, വൃഷ്ടിപ്രദേശങ്ങളിലും മഴ ശക്തമായതാണ് മണ്ണിടിച്ചിലിന് കാരണം.

കനത്ത മഴയെ തുടര്‍ന്ന് അമ്പൂരി ആദിവാസി ഊരുകളിലെ ജനങ്ങള്‍ ഏറെക്കുറെ ഒറ്റപ്പെട്ട അവസ്ഥയിലാണ്. നെയ്യാറിലെ ജലനിരപ്പ് ഉയരുന്നുമുണ്ട്. സംസ്ഥാന അതിര്‍ത്തിയിലെ ചിറ്റാര്‍ ഡാമില്‍ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ കടുക്കറ കത്തിപ്പാറ, ചങ്കിലെ, ഉമ്മന്‍ കോട് തുടങ്ങിയ പ്രദേശങ്ങളിലെ കൃഷിയിടങ്ങള്‍ വെള്ളത്തിനടിയിലാണ്.

Top