Landslide in Srilanka killed 73, more missing

കൊളംബോ: ശ്രീലങ്കയില്‍ മണ്ണിടിച്ചിലിലും പ്രളയത്തിലും മരിച്ചവരുടെ എണ്ണം 73 കഴിഞ്ഞു. സര്‍ക്കാര്‍വൃത്തങ്ങള്‍ പുറത്തുവിട്ട ഔദ്യോഗിക കണക്കാണിത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന ദുരന്തത്തില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ രക്ഷാപ്രവര്‍ത്തകര്‍ ഇപ്പോഴും തുടരുകയാണ്.

രാജ്യതലസ്ഥാനമായ കൊളംബോയിലും പരിസരപ്രദേശങ്ങളിലുമുള്ള ആയിരക്കണക്കിന് വീടുകള്‍ വെള്ളപ്പൊക്കത്തില്‍ മുങ്ങിയ അവസ്ഥയിലാണ്.

243000 പേരെയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ അഭയകേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുള്ളത്. കെഗല്ലെ ജില്ലയില്‍ മണ്ണിനടിയില്‍ പുതഞ്ഞുകിടക്കുന്ന മൃതദേഹങ്ങള്‍ക്കായുള്ള തെരച്ചില്‍ സൈന്യം നടത്തിവരികയാണ്.

കനത്ത മണ്ണിടിച്ചിലില്‍ മൂന്ന് ഗ്രാമങ്ങളാണ് കെഗല്ലെയില്‍ നാമാവശേഷമായത്. ഒരു മൃതദേഹവും മറ്റൊരാളുടെ ശരീരാവശിഷ്ടവും കണ്ടെടുത്തിട്ടുണ്ടെന്ന് തെരച്ചിലിന് മേല്‍നോട്ടം വഹിക്കുന്ന മേജര്‍ ജനറല്‍ സുദാന്ത രണസിംഗെ പറഞ്ഞു.

മണ്ണിനടിയിലായ മൂന്ന് ഗ്രാമങ്ങളില്‍ നിന്ന് മാത്രം 21 പേര്‍ മരിക്കുകയും 123 പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്.

Top