കോട്ടയം: ദിവസങ്ങള്‍ക്ക് മുന്‍പ് ശക്തമായ മലവെളളപാച്ചിലില്‍ നാശമുണ്ടായ കോട്ടയം കൂട്ടിക്കല്‍ പഞ്ചായത്തില്‍ വീണ്ടും ഉരുള്‍പൊച്ചലും ശക്തമായ വെളള പാച്ചിലും. കൂട്ടിക്കല്‍ ഇളംകാട് മ്ലാക്കരയിലാണ് ഇന്ന് വൈകുന്നേരം ശക്തമായ മഴയെ തുടര്‍ന്ന് ഉരുള്‍പൊട്ടിയത്. മൂന്നിടത്ത് ഉരുള്‍പൊട്ടിയതായാണ് വിവരമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
മ്ലാക്കരയില്‍ 20ഓളം കുടുംബങ്ങളാണ് വെളളപ്പാച്ചിലില്‍ കുടുങ്ങിപ്പോയത്. ഇവരെ രക്ഷപ്പെടുത്താന്‍ ശ്രമം ആരംഭിച്ചിരിക്കുകയാണ്. സ്ഥലത്ത് എന്‍ഡിആര്‍എഫ് സംഘം എത്തിയിട്ടുണ്ട്. ഫയര്‍ഫോഴ്‌സിന്റെയും പൊലീസിന്റെയും പ്രാദേശിക ജനപ്രതിനിധികളുടെയും സംഘമെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.
പുല്ലുകയാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നു. ഇതോടെ മ്ലാക്കര ചപ്പാത്ത് അപകടാവസ്ഥയിലായെന്ന് ജനപ്രതിനിധികള്‍ അറിയിച്ചു. ആള്‍പ്പാര്‍പ്പില്ലാത്ത സ്ഥലത്താണ് ഇത്തവണ ഉരുള്‍പൊട്ടലുണ്ടായത്. എന്നാല്‍ ശക്തമായ വെളളപ്പാച്ചിലുണ്ടായതോടെയാണ് പ്രദേശവാസികള്‍ കുടുങ്ങിയത്. സ്ഥലത്തെ കൂടുതല്‍ കുടുംബങ്ങളെ അപകട സാദ്ധ്യതയെ തുടര്‍ന്ന് മാറ്റിപ്പാര്‍പ്പിച്ചു.