സംസ്ഥാനത്ത് നാലു ജില്ലകളില്‍ ഉരുള്‍പൊട്ടല്‍; പതിനഞ്ച്‌ മരണം, അതീവ ജാഗ്രത !

കോഴിക്കോട്: സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ ശക്തമായ മഴ. വയനാട്ടിലും ഇടുക്കിയിലും കോഴിക്കോടും മലപ്പുറത്തും പാലക്കാടും ഉരുള്‍പൊട്ടി.

ഇടുക്കി അടിമാലിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു. പുതിയകുന്നേല്‍ ഹസന്‍കുട്ടിയുടെ ഭാര്യ ഫാത്തിമ, മകന്‍ നെജി, ഭാര്യ ജമീല, മക്കളായ ദിയ, നിയ എന്നിവരാണ് മരിച്ചത്.

ഹസന്‍കുട്ടിയെയും മറ്റൊരു മകന്‍ മുജീബിനെയും പരുക്കുകളോടെ കണ്ടെത്തി.

ഇടുക്കി കീരിത്തോട്ടില്‍ ഉരുള്‍പൊട്ടലില്‍ രണ്ടുപേര്‍ മരിച്ചു. അഗസ്റ്റിന്‍ ഭാര്യ ഏലിയാമ്മ എന്നിവരാണ് മരിച്ചത്.

ചേലച്ചുവട് പെരിയാര്‍ വാലിയിലും ഉരുള്‍പൊട്ടി രണ്ടുപേര്‍ മരിച്ചു. കൊച്ചി- ധനുഷ്‌കോടി ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടു.

മലപ്പുറം നിലമ്പൂരിന് സമീപം ചെട്ടിയാന്‍ പാറയില്‍ ഉരുള്‍പൊട്ടലില്‍ അഞ്ചുപേര്‍ മരിച്ചു. ഒരാള്‍ക്കായി തിരച്ചില്‍ തുടരുന്നു.

വയനാട് വൈത്തിരിയില്‍ ഉരുള്‍പൊട്ടലില്‍ ഒരാള്‍ മരിച്ചു. നാലുപേരെ രക്ഷപെടുത്തിയിട്ടുണ്ട്. പൊലീസ് സ്റ്റേഷനു സമീപവും തലപ്പുഴ മക്കിമലയിലുമാണ് ഉരുള്‍പൊട്ടിയത്.

കോഴിക്കോട് കിഴക്കന്‍ മലയോരത്ത് മൂന്നിടത്ത് ഉരുള്‍പൊട്ടി. മട്ടിമല, പൂവാറുംതോട്, മുട്ടത്തുപുഴ എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടലുണ്ടായത്. താമരശേരിയില്‍ കൈതപ്പൊയില്‍ ഒരാളെ കാണാതായി. ദേശീയദുരന്തനിവാരണസേന കോഴിക്കോട്ടേക്കു പുറപ്പെട്ടിട്ടുണ്ട്.

Top