ഇടുക്കി കൊക്കയാറില്‍ ഉരുള്‍പൊട്ടല്‍; വീടുകള്‍ ഒലിച്ചുപോയി, 3 പേരെ കാണാതായി

ഇടുക്കി: കനത്ത മഴയില്‍ ഇടുക്കി കൊക്കയാറില്‍ ഉരുള്‍പൊട്ടലില്‍ മൂന്നുപേരെ കാണാതായി, മൂന്നുവീടുകള്‍ ഒലിച്ചുപോയി. രക്ഷാപ്രവര്‍ത്തനത്തിനായി എന്‍ഡിആര്‍എഫ് സംഘം കൊക്കയാറിലേക്ക് തിരിച്ചു.

രാവിലെ മുതല്‍ പ്രദേശത്ത് കനത്ത മഴയുണ്ടായിരുന്നു. ഇടുക്കിയില്‍ പലയിടങ്ങളിലും മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുകയാണ്. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്ന് പീരുമേട് എംഎല്‍എ വാഴൂര്‍ സോമന്‍ പറഞ്ഞു.

‘മണ്ണിടിച്ചിലുണ്ടായ മേഖലകളില്‍ ജെസിബി ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. പുല്ലുപാറ, കടുവാപ്പാറ തടുങ്ങിയ പ്രദേശങ്ങളിലെ ഒലിച്ചുവന്ന മണ്ണ് നീക്കുന്നത് നാളെയോ മറ്റന്നാളോ പൂര്‍ത്തായാകൂ. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസം ഒഴിവാക്കാന്‍ പൊതുഗതാഗതം താത്ക്കാലികമായി നിര്‍ത്തലാക്കി. കുട്ടിക്കാനത്ത് കുടങ്ങിയ ആളുകളെ കട്ടപ്പന, തൊടുപുഴ മേഖലകള്‍ വഴി തിരിച്ചുവിടുകയാണ്. ആളുകളെ വണ്ടിപ്പെരിയാര്‍ വരെ എത്തിക്കാനുള്ള ശ്രമങ്ങളാണ് നിലവില്‍ പുരോഗമിക്കുന്നതെന്ന് എംഎല്‍എ വ്യക്തമാക്കി.

‘പീരുമേടിലും സമീപലോഡ്ജുകളിലും വീടുകളില്‍ നിന്നൊഴിപ്പിക്കുന്ന ആളുകളെ താമിസിപ്പിക്കും. കൊക്കയാറില്‍ പല വീടുകളും ഒറ്റപ്പെട്ടിട്ടുണ്ട്. ഒരു വീടിനുമുകളില്‍ കഴിയുന്ന 15 പേരെ ദുരന്തനിവാരണ സേനാ സംഘം എത്തിയശേഷം പുറത്തെത്തിക്കും. വടക്കേമല പ്രദേശത്തും പല വീടുകളും ഒറ്റപ്പെട്ടതായാണ് വിവരം. സമീപകാലത്തെങ്ങും ഉണ്ടകാത്ത തരത്തിലാണ് നാശനഷ്ടങ്ങളുണ്ടാകുന്നത്. കൊക്കയാറില്‍ നിന്ന് കാണാതായവരുടെ കൂട്ടത്തില്‍ കൂടുതല്‍ പേര്‍ അകപ്പെട്ടിട്ടുണ്ടോ എന്നാണ് സംശയം. ജെസിബി ഉപയോഗിച്ച് മണ്ണുമാറ്റല്‍ പുരോഗമിക്കുകയാണ്. ഇടുക്കിയിലേക്കുള്ള യാത്രയില്‍ ആര്‍മി സംഘത്തിന്റെ വാഹനം കേടായിയതും പ്രതിസന്ധി സൃഷ്ടിച്ചെന്നും എംഎല്‍എ പ്രതികരിച്ചു.

Top