ഹിമാചല്‍പ്രദേശില്‍ മണ്ണിടിച്ചില്‍; 9 പേര്‍ മരിച്ചു

ഹിമാചല്‍പ്രദേശ്: ഹിമാചല്‍പ്രദേശിലെ കിന്നോറില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് വിനോദ സഞ്ചാരത്തിനെത്തിയ ഒമ്പത് പേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. സാഗ്ല താഴ്വരയിലാണ് സംഭവം. ഡല്‍ഹിയില്‍ നിന്ന് വിനോദയാത്രയ്ക്ക് പുറപ്പെട്ടവരാണ് മരണപ്പെട്ടതെന്നാണ് വിവരം. മലയുടെ ഒരു ഭാഗം ഇടിഞ്ഞ് വിനോദസഞ്ചാരികള്‍ സഞ്ചരിച്ച വാഹനത്തിന്റെ മുകളിലേക്ക് വീഴുകയായിരുന്നു. മലയില്‍ നിന്ന് അടര്‍ന്ന് വീണ കൂറ്റന്‍ കല്ല് പതിച്ച് സാഗ്ല താഴ്വരയിലെ ബത്സേരി പാലം തകര്‍ന്നു.

വിനോദ സഞ്ചാര കേന്ദ്രമായ ചിത്കുലിലേക്ക് പോകുകയായിരുന്നു സംഘം. സംഘത്തില്‍ ഒമ്പത് പേരുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഷിംലയില്‍ നിന്ന് 200 കിലോമീറ്റര്‍ ദൂരെയാണ് അപകടം സംഭവിച്ചിരിക്കുന്നത്. ഒരാഴ്ചയ്ക്ക് മുമ്പ് കനത്ത മഴ ഉണ്ടായിരുന്നപ്പോളും ഈ പ്രദേശത്ത് മണ്ണിടിച്ചില്‍ ഭീഷണിയുണ്ടായിരുന്നു. അതിനെ തുടര്‍ന്ന് വിനോദ സഞ്ചാരികള്‍ക്ക് ജാഗ്രത നിര്‍ദേശങ്ങളും നല്‍കിയിരുന്നു. ദുരന്ത നിവാരണ സേനയുടെ സംഘം പ്രദേശത്ത് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

മഴക്കാലമായതിനാല്‍ ഈ പ്രദേശത്തേക്ക് പോകരുതെന്ന് വിനോദ സഞ്ചാരികള്‍ക്ക് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. അപകട മുന്നറിയിപ്പ് അവഗണിച്ച് വിനോദ സഞ്ചാരികളില്‍ ചിലര്‍ മുന്നോട്ടുപോകുകയായിരുന്നു. അപകട സ്ഥലത്ത് രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്.

 

Top