മദ്യം നല്‍കിയില്ല; വിമാന യാത്രയ്ക്കിടെ ജീവനക്കാരന്റെ മുഖത്തു തുപ്പിയ ഐറിഷ് വനിതയ്ക്ക് തടവ്

ലണ്ടന്‍: വിമാന യാത്രയ്ക്കിടെ അതികമായി മദ്യം ആവശ്യപ്പെട്ടിട്ട് നല്‍കാതിരുന്ന ജീവനക്കാരെ അസഭ്യം പറഞ്ഞ സംഭവത്തില്‍ ഐറിഷ് വനിതയ്ക്ക് തടവുശിക്ഷ. സിമോണ്‍ ബേണ്‍സ് എന്ന അഭിഭാഷകയെയാണ് ലണ്ടന്‍ കോടതി ആറു മാസം തടവിന് വിധിച്ചത്.

കഴിഞ്ഞ നവംബറിലാണ് മുംബൈയില്‍ നിന്നും ലണ്ടനിലേക്കു പോകുന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ സിമോണ്‍ ബേണ്‍സ് മദ്യ ലഹരിയില്‍ ജീവനക്കാരെ അധിക്ഷേപിച്ചതും മുഖത്ത് തുപ്പുകയും ചെയ്തത്. അമിതമായി മദ്യപിച്ചിട്ടും വീണ്ടും ജീവനക്കാരനോട് മദ്യം വേണമെന്ന് ആവശ്യപ്പെടുകയും തട്ടിക്കയറുകയും ചെയ്ത യുവതി താന്‍ രാജ്യാന്തര പ്രശസ്തയായ ക്രിമിനല്‍ അഭിഭാഷകയാണെന്നും പേടിക്കുമെന്നാണോ കരുതുന്നതെന്നും ചോദിച്ച് വഴക്കിടുകയായിരുന്നു.

യാത്രക്കാരി ജീവനക്കാരോടു തട്ടിക്കയറുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. അമിതമായ മദ്യപിച്ച യാത്രക്കാരി വീണ്ടും ഒരു ബോട്ടില്‍ വൈന്‍ ചോദിച്ചതാണു സംഭവങ്ങളുടെ തുടക്കം. പൈലറ്റിനോട് യാത്രക്കാരിയുടെ സാഹചര്യം വിശദീകരിച്ച വിമാന ജീവനക്കാര്‍, വൈന്‍ തരാനാവില്ലെന്നു നിലപാടെടുത്തു.

താന്‍ പ്രമുഖ മനുഷ്യാവകാശ അഭിഭാഷകയാണെന്നും പേടിക്കുമെന്നാണോ കരുതുന്നതെന്നും അവര്‍ ഇടയ്ക്കിടെ ചോദിക്കുന്നതു വീഡിയോയില്‍ കാണാം. ‘നിങ്ങളാണോ വിമാനത്തിന്റെ ക്യാപ്റ്റന്‍ ബിസിനസ് ക്ലാസ് യാത്രക്കാരോട് ഇങ്ങനെയാണോ പെരുമാറുന്നത്? നിങ്ങളെപ്പോലുള്ള നികൃഷ്ടര്‍ക്കു വേണ്ടിയാണു ഞാന്‍ ജോലി ചെയ്യുന്നത്. റോഹിങ്ക്യകള്‍ക്കു വേണ്ടി, ഏഷ്യക്കാര്‍ക്കു വേണ്ടിയെല്ലാം പ്രവര്‍ത്തിക്കുന്ന രാജ്യാന്തര ക്രിമിനല്‍ അഭിഭാഷകയാണ് ഞാന്‍’ രോഷാകുലയായി സിമോണ്‍ പറഞ്ഞു. ഹീത്രൂവില്‍ വിമാനം ലാന്‍ഡ് ചെയ്തപ്പോള്‍ ഇവരെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

Top