ബെംഗളൂരു: ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ സൂര്യനുദിച്ച് നാലു ഭൗമ ദിനങ്ങള്‍ പിന്നിട്ടിട്ടും ഉറക്കമുണരാതെ വിക്രം ലാന്‍ഡറും പ്രഗ്യാന്‍ റോവറും. ഇന്നലെയും കഴിഞ്ഞ ദിവസങ്ങളിലുമായി ലാന്‍ഡറും റോവറുമായുള്ള ബന്ധം പുനസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഐഎസ്ആര്‍ഒ തുടരുകയാണ്. എന്നാല്‍ ഇതുവരെ സിഗ്‌നലുകളൊന്നും ലഭിച്ചിട്ടില്ല. സിഗ്‌നലുകള്‍ ലഭിച്ചെങ്കില്‍ മാത്രമെ സ്ലീപ്പ് മോഡലില്‍ നിന്ന് മാറി ലാന്‍ഡറും റോവറും വീണ്ടും പ്രവര്‍ത്തന ക്ഷമമായെന്ന് സ്ഥിരീകരിക്കാനാകു. ഇതുവരെ സിഗ്‌നല്‍ വന്നിട്ടില്ലെങ്കിലും ഒരു ചാന്ദ്രദിനം ഭൂമിയിലെ 14 ദിനങ്ങളായതിനാല്‍ തന്നെ ഇനിയും പ്രതീക്ഷയുണ്ടെന്നാണ് ഐഎസ്ആര്‍ഒ അറിയിക്കുന്നത്.
ഇനി സിഗ്‌നല്‍ വന്നില്ലെങ്കിലെും ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാന്‍-മൂന്നിന്റെ വിജയത്തിന്റെ പ്രതീകമായി ലാന്‍ഡറും റോവറും ചന്ദ്രനിലെ ദക്ഷിണധ്രുവത്തില്‍ തുടരും. ദൗത്യത്തിലെ ലക്ഷ്യങ്ങളെല്ലാം ഇതിനോടകം തന്നെ ഫലപ്രാപ്തിയിലെത്തിയതിനാല്‍ തന്നെ വീണ്ടും ലാന്‍ഡറും റോവറും പ്രവര്‍ത്തനക്ഷമമാകുന്നതിനെ ദൗത്യത്തിലെ ബോണസായിട്ടാണ് ശാസ്ത്രലോകം കാണുന്നത്.
ഇനിയുള്ള പത്തു ദിവസത്തില്‍ എപ്പോള്‍ വേണമെങ്കിലും സിഗ്‌നല്‍ ലഭിക്കാനുള്ള സാധ്യതയാണ് ഐഎസ്ആര്‍ഒ മുന്നില്‍ കാണുന്നത്. ഇതുവരെ സിഗ്‌നലുകളൊന്നും ലഭിച്ചിട്ടില്ലെന്നും ഇനി വരില്ലെന്ന് പറയാന്‍ പറ്റില്ലെന്നും ചാന്ദ്ര ദിനം മുഴുവന്‍ തുടര്‍ച്ചയായ സൂര്യപ്രകാശം ഉണ്ടാകുമെന്നും അതിനാല്‍ തന്നെ താപനില ഉയരുമെന്നുമാണ് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എസ്. സോമനാഥ് പറയുന്നത്. താപനില ഉയരുന്നതോടെ റോവറിലെയും ലാന്‍ഡറിലെയും ഉപകരണങ്ങള്‍ ചൂടുപിടിക്കും. ചിലപ്പോള്‍ 14ാം ദിനത്തില്‍ വരെ ഉണരാനുള്ള സാധ്യതയുണ്ട്. അത് എപ്പോഴാണ് സംഭവിക്കുകയെന്ന് പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ഓട്ടോമാറ്റിക്ക് ആയി ലാന്‍ഡറും റോവറും ഉണരുന്നതിനായി ചില സര്‍ക്യൂട്ടുകള്‍ നേരത്തെ തന്നെ അതില്‍ സൂക്ഷിച്ചിരുന്നുവെന്നും അതിനായി പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നതെന്നുമാണ് നേരത്തെ ഇസ്‌റോ പറഞ്ഞിരുന്നത്. ഉണരുന്നതിന് ഇനിയും സമയം ഉണ്ടെന്നും അത് ഇനിയുള്ള ദിവസങ്ങളില്‍ എപ്പോള്‍ വേണമെങ്കിലും സംഭവിച്ചേക്കാമെന്നും പ്രതീക്ഷയോടെ കാത്തിരിക്കാമെന്നുമാണ് അധികൃതര്‍ നേരത്തെ അറിയിച്ചത്.