Land Transaction- Court asked case about Adoor Prakash and Kunjalikutty

മൂവാറ്റുപുഴ : വിവാദ സ്വാമി സന്തോഷ് മാധവന്‍ ഇടനിലക്കാരനായ കമ്പനിക്ക് മിച്ചഭൂമി വ്യവസ്ഥ ഇളവു ചെയ്തു നല്‍കിയ സംഭവത്തില്‍ മുന്‍ റവന്യൂ മന്ത്രി അടൂര്‍ പ്രകാശ്, ഐ.ടി വകുപ്പ് മന്ത്രിയായിരുന്ന പി.കെ.കുഞ്ഞാലിക്കുട്ടി എന്നിവര്‍ക്കെതിരെ കേസെടുക്കാന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിട്ടു.

ഇരുവരും അധികാര ദുര്‍വിനിയോഗം നടത്തിയിട്ടില്ലെന്ന് വ്യക്തമാക്കി വിജിലന്‍സ് നല്‍കിയ റിപ്പോര്‍ട്ട് തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്. സന്തോഷ് മാധവനെതിരേയും കേസെടുക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

എറണാകുളം പുത്തന്‍വേലിക്കരയില്‍ മിച്ചഭൂമിയായി ഏറ്റെടുത്ത ഭൂമിക്ക് ഇളവു നല്‍കി ബംഗളുരു ആസ്ഥാനമായുള്ള സ്വകാര്യ കമ്പനിക്ക് നല്‍കിയതിനെതിരെ കളമശേരി സ്വദേശി ഗിരീഷ് ബാബു നല്‍കിയ പരാതിയിലാണ് വിജിലന്‍സ് എസ്.പി കെ. ജയകുമാര്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ അനുബന്ധ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

അടൂര്‍ പ്രകാശ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നല്‍കിയ പരാതിയില്‍ ത്വരിത അന്വേഷണം നടത്താന്‍ വിജിലന്‍സ് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.

തുടര്‍ന്ന് വിജിലന്‍സ് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യവസായ മന്ത്രിയാണ് വിഷയം മന്ത്രിസഭയില്‍ ഔട്ട് ഒഫ് അജണ്ടയായി അവതരിപ്പിച്ചതെന്നും വിവാദ ഉത്തരവ് സര്‍ക്കാര്‍ റദ്ദാക്കിയ സാഹചര്യത്തില്‍ കേസ് നിലനില്‍ക്കില്ലെന്നും വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ഐ.ടി, വ്യവസായ വകുപ്പുകള്‍ക്കും വ്യവസായ മന്ത്രിക്കും ഈ വിഷയത്തില്‍ എന്താണ് പങ്കെന്ന് വിശദീകരിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു.

ഇതനുസരിച്ചാണ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, ഐ.ടി പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്. കുര്യന്‍, മന്ത്രിയുടെ സ്‌പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറി പി. വിജയകുമാരന്‍ എന്നിവരുടെ മൊഴിയെടുത്തു പരിശോധിച്ച് വിജിലന്‍സ് അനുബന്ധ റിപ്പോര്‍ട്ട് നല്‍കിയത്. എന്നാലിത് കോടതി തള്ളുകയായിരുന്നു.

Top