Land Transaction case; Will Adoor Prakash and Kunjalikkutty in trouble?

തിരുവനന്തപുരം : വിവാദ സ്വാമി സന്തോഷ് മാധവന്‍ ഇടനിലക്കാരനായ കമ്പനിക്ക് ഭൂമി പതിച്ച് നല്‍കിയ സംഭവത്തില്‍ വിജിലന്‍സ് റിപ്പോര്‍ട്ട് തള്ളിയ മൂവാറ്റുപുഴ വിജിലന്‍സ് ഫസ്റ്റ് ക്ലാസ് കോടതി ഉത്തരവ് മുന്‍ മന്ത്രിമാരായ കുഞ്ഞാലിക്കുട്ടിക്കും അടൂര്‍ പ്രകാശിനും കുരുക്കാവും.

ഇരുവര്‍ക്കുമെതിരെ കേസെടുക്കാന്‍ ഉത്തരവിട്ട കോടതി നിലവില്‍ വിജിലന്‍സ് നല്‍കിയ റിപ്പോര്‍ട്ടിനെതിരെ രൂക്ഷമായാണ് പ്രതികരിച്ചത്. അഴിമതിക്കെതിരെ ശ്രമം നടത്തിയാല്‍ പോലും കുറ്റകരമാണെന്ന് പരിഗണിച്ചാണ് കേസെടുക്കാനുള്ള ഉത്തരവ്.

അന്വേഷണം നടത്തിയ വിജിലന്‍സ് സംഘം മന്ത്രിമാര്‍ക്കെതിരെ തെളിവില്ലെന്നാണ് ചൂണ്ടിക്കാട്ടിയിരുന്നത്. വിവാദ ഭൂമി ഇടപാട് ഭരണപക്ഷത്തു നിന്ന് തന്നെ എതിര്‍പ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് റദ്ദാക്കിയെങ്കിലും പരാതിക്കാരന്‍ പിന്‍വാങ്ങാന്‍ തയ്യാറായിരുന്നില്ല.

കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ പുതിയ വിജിലന്‍സ് സംഘത്തെ വിശദമായ അന്വേഷണത്തിന് ഡയറക്ടര്‍ ജേക്കബ് തോമസ് ഉടന്‍ നിയോഗിക്കും.

ഭരണ മാറ്റത്തിന്റെയും പുതിയ വിജിലന്‍സ് ഡയറക്ടറുടെ അഴിമതി വിരുദ്ധ നിലപാടിന്റെയും പശ്ചാത്തലത്തില്‍ മുന്‍ മന്ത്രിമാര്‍ക്ക് മാത്രമല്ല മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിക്കു വരെ ഇനി വിജിലന്‍സിന്റെ നിലപാട് വെല്ലുവിളിയാകും.

മുന്‍പ് ബന്ധുവിന് ഭൂമി പതിച്ച് നല്‍കാന്‍ കാബിനറ്റില്‍ തീരുമാനം വന്നു എന്ന കാരണം മുന്‍നിര്‍ത്തി വി.എസിനെതിരെ കേസെടുത്തിരുന്നു. ഭൂമി പതിച്ച് നല്‍കാത്ത സാഹചര്യത്തില്‍ നടന്ന നടപടി യു.ഡി. എഫിന്റെ രാഷ്ട്രീയ ഇടപെടലിന്റെ ഭാഗമായിരുന്നുവെന്നായിരുന്നു അന്ന് ഉയര്‍ന്നുവന്നിരുന്ന ആരോപണം. പിന്നീട് ഈ നടപടിക്കെതിരെ വി.എസ് സ്റ്റേ വാങ്ങുകയായിരുന്നു.

ഇവിടെ സന്തോഷ് മാധവന്‍ കേസില്‍ കാബിനറ്റ് തീരുമാനമെടുത്തിട്ട് പിന്നീട് സമ്മര്‍ദ്ദത്തെ തുടര്‍ന്ന് റദ്ദാക്കുകയാണ് ഉണ്ടായത്. ഇക്കാരണം കൊണ്ട് തന്നെ സര്‍ക്കാരിന് നഷ്ടമുണ്ടായില്ലെങ്കില്‍ പോലും കേസ് നിലനില്‍ക്കുമെന്നാണ് നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

Top