കര മുതല്‍ ആകാശം വരെ നീളുന്ന സുരക്ഷക്രമീകരണം; ജി 20ക്ക് ഒരുങ്ങി രാജ്യ തലസ്ഥാനം

ഡല്‍ഹി: ജി 20ക്ക് ഒരുങ്ങി ഡല്‍ഹി. കനത്ത സുരക്ഷയാണ് രാജ്യ തലസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സുരക്ഷക്രമീകരണങ്ങളുടെ റീഹേന്‍ഴ്‌സല്‍ പൂര്‍ത്തിയായി. എട്ടാം തീയ്യതി കര്‍ശനനിയന്ത്രണങ്ങളിലാകും നഗരമെന്ന് ഡല്‍ഹി പൊലീസ് അഡീ. സിപി ആര്‍. സത്യസുന്ദരം പറഞ്ഞു. കര മുതല്‍ ആകാശം വരെ നീളുന്ന സുരക്ഷക്രമീകരണം. ഡല്‍ഹിയില്‍ എത്തുന്ന ലോകനേതാക്കളുടെ സുരക്ഷയ്ക്ക് ഡല്‍ഹി പൊലീസ് മുതല്‍ എസ്പിജി വരെ സജ്ജമാണ്.

വിദേശ നേതാക്കള്‍ക്കുള്ള അകമ്പടി വാഹനങ്ങളുടെ മുതല്‍ ഹോട്ടലുകളുടെ സുരക്ഷ ഉള്‍പ്പെടെ പരിശോധന പൂര്‍ത്തിയാക്കി കഴിഞ്ഞു. ഉച്ചകോടി നടക്കുന്ന ന്യൂഡല്‍ഹി ജില്ലയിലെ ഒരോ മേഖലകളും കര്‍ശന നിരീക്ഷണത്തിലാണ്. സുരക്ഷ ജോലിക്കായി 130,000 ഉദ്യോഗസ്ഥരെ നിയോഗിച്ചു. ഇതില്‍ എണ്‍പതിനായിരം പേര്‍ ഡല്‍ഹി പൊലീസുകാരാണ്.

ഒപ്പം സൈന്യവും കേന്ദ്രസേനയും. ഉച്ചകോടി ദിനങ്ങളില്‍ ഗതാഗത നിയന്ത്രണം കര്‍ശനമായിരിക്കും. അടിയന്തര സേവനങ്ങള്‍ക്ക് മാത്രം ന്യൂഡല്‍ഹിയില്‍ പ്രത്യേക അനുമതി. ആന്റി ഡ്രോണ്‍ സംവിധാനങ്ങള്‍ നഗരത്തില്‍ സ്ഥാപിച്ചു കഴിഞ്ഞു. സൈനിക ഹെലികോപ്റ്ററുകളുടെ എയര്‍ പെട്രോളിങ് തുടങ്ങി. ഒപ്പം വിദേശരാജ്യങ്ങളുടെ സുരക്ഷ ഉദ്യോഗസ്ഥരും ഡല്‍ഹിയില്‍ എത്തിക്കഴിഞ്ഞു.

സെപ്റ്റംബര്‍ 9, 10, തിയ്യതികളിലാണ് ഡല്‍ഹിയില്‍ ജി20 യോഗം നടക്കുക. അര്‍ജന്റീന, ഓസ്ട്രേലിയ, ബ്രസീല്‍, കാനഡ, ചൈന, ഫ്രാന്‍സ്, ജര്‍മ്മനി, ഇന്ത്യ, ഇന്തോനേഷ്യ, ഇറ്റലി, ജപ്പാന്‍, ദക്ഷിണ കൊറിയ, മെക്സിക്കോ, റഷ്യ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, തുര്‍ക്കി, യുഎസ്, യുകെ, യൂറോപ്യന്‍ യൂണിയന്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ഗ്രൂപ്പ് ഓഫ് ട്വന്റി.

Top