ഇടുക്കി കുമളിക്ക് സമീപം ഉരുള്‍പൊട്ടല്‍; നിരവധി വീടുകള്‍ തകര്‍ന്നു

ഇടുക്കി: കുമളിക്ക് സമീപം ഒട്ടകത്തലമേട്ടില്‍ ഉരുള്‍പൊട്ടി. സംഭവത്തില്‍ നിരവധി വീടുകള്‍ക്ക് കേടുപാടുണ്ടായി. ഉരുള്‍പൊട്ടി സമീപത്തെ തോട് കരകവിഞ്ഞ് വീടുകളില്‍ വെള്ളം കയറുകയായിരുന്നു. ആളുകളെ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റി.നിലവില്‍ ആളപായമില്ല.ഇന്നലെ വൈകീട്ട് മുതല്‍ കുമളി മേഖലയില്‍ കനത്ത മഴയായിരുന്നു. ഇതിന് ശേഷമാണ് ഉരുള്‍പൊട്ടിയത്.

ഇന്നും നാളെയും സംസ്ഥാനത്ത് ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം അതിശക്തമായ സാഹചര്യത്തിലാണ് മഴയ്ക്കുള്ള സാധ്യതകള്‍ വര്‍ധിച്ചത്. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച് കുര്യന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സെല്‍ പ്രവര്‍ത്തനം തുടങ്ങി.ന്യൂനമര്‍ദ്ദം ശക്തിപ്പെട്ട് ഒമാന്‍ തീരത്തേക്ക് നീങ്ങുമെങ്കിലും ഇതിന്റെ സ്വാധീനം മൂലം ഇടുക്കി, പത്തനംതിട്ട, മലപ്പുറം, പാലക്കാട്, വയനാട് ജില്ലകളില്‍ ശക്തമായ മഴ പെയ്യുമെന്നാണ് പ്രവചനം. ഈ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും മറ്റ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി കെഎസ്ഇബി 13 ഡാമുകളുടെ ഷട്ടറുകള്‍ തുറന്നിട്ടുണ്ട്. ഇന്നത്തെ കാലാവസ്ഥ റിപ്പോര്‍ട്ടുകള്‍ പരിഗണിച്ചായിരിക്കും ഷട്ടര്‍ അടയ്ക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുകയെന്ന് കെഎസ്ഇബി അറിയിച്ചു.

Top