Land scam; vigilance finds- no evidence -against Adoor prakash

തിരുവനന്തപുരം: സന്തോഷ് മാധവന്റെ കമ്പനിക്ക് മിച്ചഭൂമി ദാനം ചെയ്തതുമായി ബന്ധപ്പെട്ട് മന്ത്രി അടൂര്‍ പ്രകാശിനെതിരെ തെളിവില്ലെന്ന് വിജിലന്‍സിന്റെ ത്വരിതാന്വേഷണ റിപ്പോര്‍ട്ട്. ഉത്തരവ് പിന്‍വലിച്ചതിനാല്‍ ഇടപാടില്‍ സര്‍ക്കാരിന് നഷ്ടമില്ല. സംഭവത്തില്‍ റവന്യൂമന്ത്രിക്ക് തഹസില്‍ദാരുടെ റിപ്പോര്‍ട്ട് കൈമാറുന്നതില്‍ എറണാകുളം ജില്ലാ കലക്ടര്‍ വീഴ്ച വരുത്തിയെന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ടിലുള്ളത്.

ഐടി കമ്പനി സ്ഥാപിക്കാന്‍ സന്തോഷ് മാധവന് ബന്ധമുള്ള കമ്പനിക്ക് മിച്ചഭൂമി ദാനം ചെയ്തതുമായി ബന്ധപ്പെട്ട് മന്ത്രി അടൂര്‍പ്രകാശിനെതിരെ കേസെടുക്കാന്‍ തെളിവില്ലെന്നാണ് തിരുവനന്തപുരം വിജിലന്‍സ് ഇന്‍വെസ്റ്റിഗേഷന്‍ യൂനിറ്റ് എസ് പി കെ ജയകുമാറിന്റെ റിപ്പോര്‍ട്ട്.

സന്തോഷ് മാധവന് മേധാവിത്വമുള്ള കമ്പനിക്ക് ഭൂമി കൈമാറരുതെന്ന് തഹസില്‍ദാര്‍ റിപ്പോര്‍ട്ട് നല്‍കിയത് കലക്ടര്‍ക്കാണ്. കലക്ടര്‍ ഈ റിപ്പോര്‍ട്ട് മന്ത്രി അടൂര്‍പ്രകാശിന് കൈമാറിയിട്ടില്ല. അതിനാല്‍ മന്ത്രിക്ക് ഇതില്‍ പങ്കില്ലെന്നും കേസ് എടുക്കേണ്ടതില്ലെന്നുമാണ് വിജിലന്‍സ് വ്യക്തമാക്കിയിരിക്കുന്നത്.

സര്‍ക്കാരിന് നഷ്ടമില്ലെന്നും ഉത്തരവ് റദ്ദാക്കിയതിനാല്‍ സര്‍ക്കാര്‍ ഭൂമി അന്യാധീനപ്പെട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വാസ് മേത്തയെയും വിജിലന്‍സ് ചോദ്യം ചെയ്തിരുന്നു. മിച്ചഭൂമി ഇളവ് നല്‍കാനുള്ള മന്ത്രിസഭാ തീരുമാനം നടപ്പാക്കുക മാത്രമാണ് താന്‍ ചെയ്തതെന്ന ബിശ്വാസ് മേത്തയുടെ മൊഴിയും റിപ്പോര്‍ട്ടിലുണ്ട്.

1600 കോടിയുടെ ഐടി പ്രൊജക്ടായി വ്യവസായ മന്ത്രിയാണ് മന്ത്രിസഭാ യോഗത്തില്‍ ഔട്ട് ഓഫ് അജണ്ടയായി പദ്ധതി കൊണ്ടു വന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കളമശേരി സ്വദേശി ഗിരീഷ് ബാബുവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ മൂവാറ്റുപുഴ വിജിലന്‍സ് ജഡ്ജി പി മാധവനാണ് മന്ത്രി അടൂര്‍പ്രകാശ് , റവന്യൂപ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവര്‍ക്കെതിരെ ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടത്.

Top