വര്‍ക്കല ഭൂമി കൈമാറ്റം; സബ് കലക്ടര്‍ ദിവ്യ എസ് അയ്യര്‍ക്കെതിരെ നടപടിക്ക് സാധ്യത

divya s ayyar collector

തിരുവനന്തപുരം: വര്‍ക്കലയിലെ ഭൂമി കൈമാറ്റ വിഷയത്തില്‍ സബ് കളക്ടര്‍ ദിവ്യ എസ് അയ്യര്‍ക്കെതിരെ വകുപ്പുതല നടപടിക്ക് സാധ്യത. വിഷയത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ലാന്‍ഡ് റവന്യൂകമ്മീഷണര്‍ക്ക് റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍
നിര്‍ദ്ദേശം നല്‍കിയിരുന്നു.

സംഭവത്തില്‍ സ്ഥല പരിശോധന നടത്തിയ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ വിശദമായ റിപ്പോര്‍ട്ട് ഇന്ന് റവന്യൂമന്ത്രിക്ക് കൈമാറും. കമ്മീഷണര്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ സബ്കളക്ടര്‍ക്കെതിരെ നടപടി സ്വീകരിക്കാനാണ് സാധ്യത.

കഴിഞ്ഞ ജൂലൈമാസത്തില്‍ വര്‍ക്കലയില്‍, സര്‍ക്കാര്‍ ഏറ്റെടുത്ത 27 സെന്റ് പുറമ്പോക്ക് ഭൂമി, കൈവശം വച്ചിരുന്ന വ്യക്തിക്ക് തന്നെ വിട്ടുകൊടുത്ത നടപടിയാണ് സബ് കളക്ടര്‍ ദിവ്യ എസ് അയ്യര്‍ സ്വീകരിച്ചത്. ഭര്‍ത്താവും എംഎല്‍എയുമായ ശബരീനാഥന്റെ സുഹൃത്തിന് ഭൂമി ദാനം ചെയ്ത നടപടി പുറത്തായതോടെ, ഭൂമി വിട്ടുകൊടുത്ത സബ് കളക്ടര്‍ നടപടി റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ ഇടപെട്ട് സ്റ്റേ ചെയ്യുകയായിരുന്നു.

വര്‍ക്കല ഇലകമണ്‍ പഞ്ചായത്തിലെ അയിരൂര്‍ വില്ലേജില്‍ സംസ്ഥാനപാതയോട് ചേര്‍ന്നുള്ള 27 സെന്റാണ് വിവാദ ഭൂമി. അന്വേഷണത്തിന്റെ ഭാഗമായി ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ രേഖകളെല്ലാം വിശദമായി പരിശോധിച്ചിരുന്നു. ഇതിന് പുറമെ തഹസില്‍ദാര്‍, വില്ലേജ് ഓഫീസര്‍ എന്നിവരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുകയും, അതിന് മുമ്പായി ഹീയറിംഗിനായി സബ് കളക്ടറോട് എത്തിച്ചേരാനും കമ്മീഷണര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

അതേസമയം, ഭൂമി ദാന വിഷയത്തില്‍ സബ്കളക്ടര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യം സിപിഐഎം ഉന്നയിച്ചിരിക്കുകയാണ്. സബ്കളക്ടറെ സ്ഥലംമാറ്റണമെന്നും വകുപ്പുതല നടപടി സ്വീകരിക്കണമെന്നും സിപിഐ നേതാക്കളും മന്ത്രിയോട് ആവശ്യപ്പെട്ടതായാണ് വിവരംBack to top