ഭൂമി വിവാദം: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ പ്രതിഷേധവുമായി വിശ്വാസികള്‍

alanchery

കൊച്ചി: അങ്കമാലി അതിരൂപതയിലെ ഭൂമി വിവാദത്തില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ പ്രതിഷേധവുമായി ഒരു കൂട്ടം വിശ്വാസികള്‍ രംഗത്ത്. ആലഞ്ചേരി സ്ഥാനം ഒഴിയണമെന്ന ആവശ്യവുമായാണ് ഇവര്‍ രംഗത്തെത്തിയത്. ആര്‍ച്ച് ഡയോഷ്യന്‍ മൂവ്‌മെന്റ് ഫോര്‍ ട്രാന്‍സ്‌പെരന്‍സി(എ എം ടി) എന്ന സംഘടനയുടെ നേതൃത്വത്തിലാണ് വിശ്വാസികള്‍ ബിഷപ്പ് ഹൗസിനു മുന്നില്‍ പ്രതിഷേധിച്ചത്.

ഭൂമി ഇടപാടില്‍ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിലിരിക്കുന്ന ഹര്‍ജികളില്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്നാണ് പ്രതിഷേധക്കാരുടെ വാദം. വായ മൂടിക്കെട്ടി, ആവശ്യങ്ങള്‍ എഴുതിയ പ്ലക്കാഡുകളുമായാണ് പ്രതിഷേധക്കാര്‍ ബിഷപ്പ് ഹൗസിനു മുന്നില്‍ എത്തിയത്.

സഭയുടെ സ്വത്ത് സ്വകാര്യസ്വത്താണെന്നും അത് കൈമാറ്റം ചെയ്യാന്‍ തനിക്ക് പൂര്‍ണ അധികാരമുണ്ടെന്നുമായിരുന്നു മാര്‍ ആലഞ്ചേരി കോടതിയില്‍ വിശദീകരണം നല്‍കിയത്. പണം ലഭിച്ചോ ഇല്ലയോ എന്ന കാര്യം മൂന്നാം കക്ഷി അന്വേഷിക്കണ്ട ആവശ്യമില്ലെന്നും ആലഞ്ചേരി നല്‍കിയ വിശദീകരണത്തിലുണ്ടായിരുന്നു. എന്നാല്‍ സഭയുടേത് സ്വകാര്യസ്വത്ത് അല്ലെന്നും ട്രസ്റ്റിന്റെതാണെന്നും ഹര്‍ജിക്കാര്‍ പരാതിയില്‍ ഉന്നയിച്ചിരുന്നു.

Top