ഭൂമി തര്‍ക്കം; ഉത്തര്‍പ്രദേശില്‍ 3 പേരെ വീടുകയറി വെട്ടിക്കൊന്നു

ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശില്‍ ഞെട്ടിക്കുന്ന കൊലപാതകം. കൗശാംബിയില്‍ ഭൂമി തര്‍ക്കത്തെ തുടര്‍ന്ന് ഒരു കുടുംബത്തിലെ മൂന്ന് പേരെ വീടുകയറി വെട്ടിക്കൊന്നു. കൊലപാതകത്തില്‍ പ്രകോപിതരായ ചിലര്‍ സമീപത്തെ വീടുകളും കടകളും അഗ്‌നിക്കിരയാക്കി.

ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. ഹോരിലാല്‍, മകള്‍ ബ്രിജ്കാലി, മരുമകന്‍ ശിവശരണ്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ഉറങ്ങിക്കിടക്കുമ്പോള്‍ ചിലര്‍ വീട്ടില്‍ കയറി വെട്ടിക്കൊല്ലുകയായിരുന്നു. മറ്റൊരു ഗ്രാമവാസിയായ സുഭാഷുമായി ഹോരിലാലിന് ഭൂമി തര്‍ക്കമുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

കൊലപാതകം നാട്ടുകാരില്‍ പരിഭ്രാന്തി പരത്തുകയും പ്രകോപിതരായ ചിലര്‍ പ്രതിയുടെ ഉള്‍പ്പെടെ നിരവധി വീടുകളും കടകളും അഗ്‌നിക്കിരയാക്കുകയും ചെയ്തു. ആറോളം വീടുകള്‍ക്ക് തീയിട്ടുവെന്നാണ് വിവരം. സംഭവമറിഞ്ഞ് പൊലീസും ഫയര്‍ഫോഴ്‌സും എത്തി തീ നിയന്ത്രണ വിധേയമാക്കി. മൃതദേഹം ഏറ്റെടുക്കാന്‍ പൊലീസ് ശ്രമിച്ചെങ്കിലും നാട്ടുകാര്‍ എതിര്‍ത്തു.

പ്രതികളെ പിടികൂടുന്നത് വരെ മൃതദേഹം കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്ന് നാട്ടുകാര്‍ നിലപാടെടുത്തു. പ്രതികളായ നാലുപേരുടെ പേര് വിവരങ്ങള്‍ ലഭിച്ചതായി പൊലീസ്. ഇവര്‍ക്കായുള്ള തെരച്ചില്‍ ആരംഭിച്ചതായും കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു വരുന്നതായും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഫോറന്‍സിക് സംഘം സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചുവരികയാണ്. സംഭവസ്ഥലത്ത് വന്‍ പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.

Top