ഹരിയാനയിലെ ഭൂമിയിടപാടു കേസ് സത്യം വിജയിക്കുമെന്ന് റോബര്‍ട്ട് വാധ്‌ര

ന്യൂഡല്‍ഹി: ഹരിയാനയിലെ വിവാദ ഭൂമിയിടപാടിലൂടെ നിയമവിരുദ്ധമായി 50 കോടിയിലേറെ രൂപ സമ്പാദിച്ചെന്ന ദിന്‍ഗ്ര കമ്മറ്റി റിപ്പോര്‍ട്ടിനെതിരെ റോബര്‍ട്ട് വാധ്‌ര.

സത്യം വിജയിക്കുമെന്നാണ് തനിക്കെതിരായ ആരോപണങ്ങള്‍ക്കുള്ള മറുപടിയായി വാധ്‌ര ഫേസ്ബുക്കില്‍ കുറിച്ചത്. ഇന്നുരാവിലെയാണ് വാധ്‌രയുടെ പ്രതികരണം വന്നത്.

റോബര്‍ട്ട് വാധ്‌ര 2008ല്‍ ഹരിയാനയില്‍ അനധികൃതമായി ഭൂമി ഇടപാടുകള്‍ നടത്തുകയും 50 കോടിയിലേറെ സമ്പാദിക്കുകയും ചെയ്തതായി ജുഡീഷ്യല്‍ കമ്മീഷന്‍ കണ്ടെത്തിയിരുന്നു. ഭൂവിനിയോഗ ചട്ടങ്ങള്‍ ലംഘിക്കാന്‍ വാധ്‌രക്ക് വഴിവിട്ട സഹായം ലഭിച്ചതായും ജസ്റ്റിസ് ദിന്‍ഗ്ര സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം, വാധ്‌രക്ക് വിശദീകരണത്തിന് അവസരം നല്‍കാതെയാണ് ജസ്റ്റിസ് എസ്.എന്‍. ദിന്‍ഗ്ര കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയതെന്നു കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. ഹരിയാനയിലെ ഫരീദാബാദില്‍ കൃഷി ഭൂമി വാങ്ങാന്‍ ഭര്‍ത്താവ് റോബര്‍ട്ട് വാധ്‌രയുടെ പണം ഉപയോഗിച്ചിട്ടില്ലെന്ന് പ്രിയങ്ക ഗാന്ധി അറിയിച്ചു. ആറു വര്‍ഷം ഇന്ദിരാ ഗാന്ധിയില്‍ നിന്ന് ലഭിച്ച പരമ്പരാഗത സ്വത്തിന്റെ പാട്ടത്തുക ഉപയോഗിച്ചാണ് അഞ്ച് ഏക്കര്‍ ഭൂമി വാങ്ങിയതെന്നും പ്രിയങ്ക ഗാന്ധിയുടെ ഓഫീസ് പ്രസ്താവനയിലൂടെ അറിയിച്ചു.

ഗുഡ്ഗാവിലെ നാലു ഗ്രാമങ്ങളില്‍ ഭൂമി പതിവ് മാറ്റം നടത്തിയതും വാധ്‌രയുടെ ഉടമസ്ഥതയിലുള്ള സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റിക്ക് ലൈസന്‍സ് ലഭിച്ചതുമുള്‍പ്പെടെ കാര്യങ്ങളായിരുന്നു ജുഡീഷ്യല്‍ കമ്മീഷന്റെ അന്വേഷണ പരിധിയിലുണ്ടായിരുന്നത്.

Top