ലാന്‍ഡ് ക്രൂസറിന്റെ ചെറു ഓഫ് റോഡര്‍ എസ്.യു.വി; ലാന്‍ഡ് ഹോപ്പര്‍

ടൊയോട്ടയുടെ ചെറു ഓഫ് റോഡര്‍ എസ്.യു.വി ലാന്‍ഡ് ഹോപ്പര്‍ വിപണിയിലേക്ക്. പല നാടുകളില്‍ പല പേരുകളിലായിരിക്കും ഈ വാഹനം അറിയപ്പെടുക. ജപ്പാനില്‍ ഈ വാഹനത്തിന് ലാന്‍ഡ് ഹോപ്പര്‍ എന്നായിരിക്കും പേര്. ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ ജാപ്പനീസ് പാറ്റന്റ് ഓഫീസില്‍ ടൊയോട്ട ഈ പേരിന് പകര്‍പ്പവകാശം നേടിയിട്ടുണ്ട്. ‘ലാന്‍ഡ് ക്രൂസര്‍ വാഹനങ്ങളെ കൂടുതല്‍ പേരിലേക്കെത്തിക്കുക’ എന്ന ലക്ഷ്യത്തിലാണ് ലാന്‍ഡ് ഹോപ്പര്‍ അടക്കമുള്ള വാഹനങ്ങള്‍ പുറത്തിറക്കുന്നതെന്ന് ടൊയോട്ടയുടെ ചീഫ് ഓഫ് ഡിസൈന്‍ സൈമണ്‍ ഹംഫ്രീസ് പറഞ്ഞു. ലാന്‍ഡ് ക്രൂസര്‍ പ്രാഡോ പുറത്തിറക്കുന്ന ചടങ്ങിനിടെയായിരുന്നു സൈമണ്‍ ഹംഫ്രീസ് ഇങ്ങനെയൊരു പ്രഖ്യാപനം നടത്തിയത്.

ഒക്ടോബര്‍ അവസാനം നടക്കുന്ന ജപ്പാന്‍ മൊബിലിറ്റി ഷോയില്‍ ഈ ചെറു ലാന്‍ഡ് ക്രൂസര്‍ മോഡലിനെ അവതരിപ്പിക്കാനും സാധ്യതയുണ്ട്. കാര്യമായ വിശദാംശങ്ങള്‍ ഇപ്പോഴും ടൊയോട്ട പുറത്തുവിട്ടിട്ടില്ലെങ്കിലും ലാന്‍ഡ് ഹൂപ്പര്‍ വൈദ്യുതിയില്‍ മാത്രമല്ല പുറത്തിറങ്ങുന്നതെന്നാണ് സൂചന. വൈദ്യുതിക്കൊപ്പം പെട്രോള്‍, ഡീസല്‍ എന്‍ജിന്‍ ഓപ്ഷനുകളും ഹൈബ്രിഡും ടൊയോട്ട ലാന്‍ഡ് ഹൂപ്പറിന് ലഭിച്ചേക്കാം. കൊറോള ക്രോസിന്റെ 1.5 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ ഹൈബ്രിഡ് മുതല്‍ ഹൈലക്സ് പിക് അപ്പിന്റെ 2.8 ലീറ്റര്‍ ഡീസല്‍ എന്‍ജിന്‍ വരെയുള്ളവയില്‍ ഏതു വെണമെങ്കിലും ടൊയോട്ട ഈ വാഹനത്തിന് നല്‍കിയേക്കാം.

GA-F പ്ലാറ്റ്ഫോമിന്റെ ചെറു രൂപമായിരിക്കും ലാന്‍ഡ് ഹോപ്പറില്‍ ഉപയോഗിക്കുക. ലാന്‍ഡ് ക്രൂസര്‍ 300, ലെക്സസ് ജിഎക്സ് എന്നിവയില്‍ ഇതേ പ്ലാറ്റ്ഫോമാണുള്ളത്. 4,351 എംഎം നീളവും 1,854 എംഎം വീതിയും 1,880 എംഎം ഉയരവുമാണ് ടൊയോട്ട ലാന്‍ഡ് ഹോപ്പറിനുള്ളത്. ജിംനിയുടെ എതിരാളി എന്നാണ് തങ്ങളുടെ പുതിയ കോംപാക്ട് ക്രൂസറിനെ ടൊയോട്ടക്കുള്ളില്‍ വിശേഷിപ്പിക്കുന്നത്.

Top