ഗിഫ്റ്റ് സിറ്റി പദ്ധതിയുടെ ഭൂമി ഏറ്റെടുക്കല്‍ ഡിസംബറില്‍ പൂര്‍ത്തിയാക്കും; പി രാജീവ്

കൊച്ചി: ഗിഫ്റ്റ് സിറ്റി പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കുമെന്നു വ്യവസായ നിയമ വകുപ്പ് മന്ത്രി പി രാജീവ്. 2021 ഡിസംബര്‍ മാസത്തോട് കൂടെ ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കും. ഗിഫ്റ്റ് സിറ്റി പദ്ധതി സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. 300 ലേറെ വീടുകള്‍ ഏറ്റെടുക്കുന്നതായിരുന്നു ആദ്യ പദ്ധതി. പിന്നീട് ഏരിയല്‍ സര്‍വ്വേ നടത്തിയതിന്റെ ഫലമായി പരമാവധി ചുരുക്കം വീടുകള്‍ ഏറ്റെടുക്കുന്ന തരത്തില്‍ പദ്ധതിയെ മാറ്റിയിട്ടുണ്ട്.

എത്രമാത്രം ജനവാസ കേന്ദ്രങ്ങള്‍ ഒഴിവാക്കാന്‍ കഴിയും അത്രയും ഒഴിവാക്കി മുന്നോട്ട് പോകാനാണ് തീരുമാനം. ഇത് സംബന്ധിച്ച് നാളെ വീണ്ടും യോഗം ചേരും. ഗിഫ്റ്റ് സിറ്റിയില്‍ നിക്ഷേപം നടത്താനായി ധാരാളം പേര്‍ മുന്നോട്ട് വന്നിട്ടുണ്ട്. ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയായാല്‍ പ്രധാനമന്ത്രി അദ്ധ്യക്ഷനായ സമിതി പദ്ധതി വിലയിരുത്തി അന്തിമ അനുവാദം ലഭിക്കും.

പൊതുജനങ്ങളെ വിശ്വാസത്തിലെടുത്താകും പദ്ധതികള്‍ മുന്നോട് കൊണ്ട് പോകുക. പദ്ധതി അങ്കമാലിയുടെ വികസനത്തിന് വഴി തുറക്കുകയും ജീവിത നിലവാരം ഉയര്‍ത്തുന്നതിന് സഹായകമാകുകയും ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

പരമാവധി വീടുകളെ കുടിയൊഴിപ്പിക്കാതെ പദ്ധതി നടപ്പിലാക്കാന്‍ പുതിയ സാദ്ധ്യതകള്‍ അടിയന്തിരമായി പരിശോധിക്കാന്‍ മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ഇതുമായി ബന്ധപെട്ടു ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം ജൂലൈ 5 തിങ്കളാഴ്ച ഓണ്‍ലൈനായി ചേരും. ജൂലൈ 8 ,9,10 തീയതികളില്‍ പബ്ലിക് ഹിയറിങ് നടത്തുമെന്നും മന്ത്രി അറിയിച്ചു.

Top