ഇന്ത്യയിലേക്കെത്തുന്നു ലംബോര്‍ഗിനി റൂവുള്‍ട്ടോ; വില 8.9 കോടി; 2.5 സെക്കന്റില്‍ 100 കിലോമീറ്റര്‍ വേഗം

റ്റാലിയന്‍ സൂപ്പര്‍ കാര്‍ നിര്‍മാതാക്കളായ ലംബോര്‍ഗിനിയുടെ ഫ്ളാഗ്ഷിപ്പ് സൂപ്പര്‍ കാറായ അവന്റഡോറിന്റെ പിന്മുറക്കാരനായാണ് റൂവുള്‍ട്ടോയെ അവതരിപ്പിച്ചിരിക്കുന്നത്. ഈ വര്‍ഷം ആദ്യം വിദേശ നിരത്തുകളില്‍ എത്തിയ റൂവുള്‍ട്ടോ ഇന്ത്യന്‍ വിപണിയിലേക്കും എത്തിക്കുകയാണ് നിര്‍മാതാക്കള്‍. 8.9 കോടി രൂപയായിരിക്കും ഈ വാഹനത്തിന്റെ ഇന്ത്യയിലെ എക്സ്ഷോറൂം വിലയെന്നാണ് പ്രതീക്ഷിക്കുന്നത്. ലംബോര്‍ഗിനി സ്പോര്‍ട്സ് കാര്‍ മോഡലുകളുടെ ഡിസൈന്‍ ഡി.എന്‍.എ. പിന്തുടര്‍ന്നാണ് റൂവുള്‍ട്ടോയും ഒരുങ്ങിയിരിക്കുന്നത്.

വാഹനത്തിലുടനീളമുള്ള വൈ പാറ്റേണ്‍ പിന്‍മുറക്കാരനില്‍ നിന്നും വാഹനത്തെ വ്യത്യസ്തമാക്കുന്നുണ്ട്. ഡി.ആര്‍.എല്‍, ടെയ്ല്‍ലാമ്പ് എന്നിവയിലെല്ലാം വൈ പാറ്റേണ്‍ ദൃശ്യമാണ്. കൂര്‍ത്ത ഷേപ്പിലുള്ള ഹെഡ്ലാമ്പ്, വലിയ എയര്‍ ഇന്‍ ടേക്ക്, സ്‌റ്റൈലിഷ് അലോയി വീല്‍ എന്നിവയെല്ലാം വാഹനത്തെ മുന്‍ കാഴ്ചയില്‍ പുതുമ ഒരുക്കുന്നു.

ഹെക്സാഗണല്‍ ഷേപ്പിലുള്ള രണ്ട് ക്വാഡ് എക്സ്ഹോസ്റ്റ് പൈപ്പുകള്‍ പിന്‍ഭാഗത്ത് നല്‍കിയിരിക്കുന്നത് ഡിസൈനായി തോന്നിക്കുന്നുണ്ട്. പിന്നിലെ ബമ്പര്‍ ഉള്‍പ്പെടെയുള്ളവ റൂവുള്‍ട്ടോയിക്ക് പൂര്‍ണമായും സ്പോര്‍ട്സ് വാഹനങ്ങളുടെ ഭാവങ്ങള്‍ നല്‍കുന്നുണ്ട്. റൂഫ് ലൈന്‍ അവന്റഡോറിന് സമാനമായാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. പുക കുഴലുകള്‍ വരെ നീളുന്ന തരത്തില്‍ വൈ ഡിസൈനില്‍ നേര്‍ത്ത വരകള്‍ പോലെയാണ് ടെയ്ല്‍ലാമ്പും ഒരുങ്ങിയിട്ടുള്ളത്.

എക്സ്റ്റീരിയറില്‍ ഹൈലൈറ്റായി നല്‍കിയ വൈ ഷേപ്പ് ഡിസൈന്‍ തീം ഇന്റീരിയറിലും ആവര്‍ത്തിക്കുന്നുണ്ട്. 8.4 ഇഞ്ച് വലിപ്പമുള്ള വെര്‍ട്ടിക്കിള്‍ ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍, 12.3 ഇഞ്ച് വലിപ്പത്തില്‍ തീര്‍ത്തിരിക്കുന്ന ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, 9.1 ഇഞ്ച് വലിപ്പമുള്ള പാസഞ്ചര്‍ സൈഡ് ഡിസ്പ്ലേ എന്നിവയാണ് അകത്തളത്തിലെ ഹൈലൈറ്റ്. ഇവയില്‍ നിന്നെല്ലാം സ്വിച്ചുകള്‍ നീക്കം ചെയ്തതാണ് മറ്റൊരു സവിശേഷത. സീറ്റുകള്‍ ഉള്‍പ്പെടെയുള്ളവ അവന്റഡോറിന് സമാനമായാണ് ഒരുങ്ങിയിരിക്കുന്നത്.

6.5 ലിറ്റര്‍ വി12 എന്‍ജിനൊപ്പം മൂന്ന് ഇലക്ട്രിക് മോട്ടോറും 3.8 കിലോവാട്ട് ശേഷിയുള്ള ബാറ്ററി പാക്കുമാണ് ലംബോര്‍ഗിനി റൂവുള്‍ട്ടോയിക്ക് കരുത്തേകുന്നത്. 825 ബി.എച്ച്.പി. പവറും 725 എന്‍.എം. ടോര്‍ക്കുമാണ് ഇതിലെ എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നത്. ഇലക്ട്രിക് മോട്ടോറിന്റെ കരുത്ത് കൂടി എത്തുന്നതോടെ 1015 എച്ച്. പവറാണ് ഈ വാഹനം ഉത്പാദിപ്പിക്കുന്നത്. എട്ട് സ്പീഡ് ഡ്യുവല്‍ ക്ലെച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്.

ഇതില്‍ നല്‍കിയിട്ടുള്ള മൂന്ന് ഇലക്ട്രിക് മോട്ടോറില്‍ രണ്ടെണ്ണം മുന്നിലെ ആക്സിലുകളിലും മൂന്നാമത്തെ മോട്ടോര്‍ വി12 എന്‍ജിനൊപ്പവുമാണ് പ്രവര്‍ത്തിക്കുന്നത്. കേവലം 2.5 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ശേഷിയുള്ള വാഹനമാണ് റൂവുള്‍ട്ടോ. മണിക്കൂറില്‍ 350 കിലോമീറ്ററാണ് ഈ സ്പോര്‍ട്സ് കാറിന്റെ പരമാവധി വേഗത. 2026 വരെ ലംബോര്‍ഗിനി നിര്‍മിക്കുന്ന റൂവുള്‍ട്ടോ ഇതിനോടകം വിറ്റുത്തീര്‍ന്നതായാണ് റിപ്പോര്‍ട്ട്. ഈ വാഹനത്തിന്റെ വളരെ ചുരുക്കം യൂണിറ്റ് മാത്രമാണ് ഇന്ത്യയില്‍ എത്തുന്നത്.

Top