Lamborghini Huracan Superleggera Can Run, Not Hide

ഇറ്റാലിയന്‍ ആഡംബര സ്‌പോര്‍ട്‌സ് കാര്‍ നിര്‍മാതാക്കളായ ഓട്ടോമൊബിലി ലംബോര്‍ഗ്‌നിയുടെ വാര്‍ഷിക വില്‍പ്പന ഇതാദ്യമായ 3,000 യൂണിറ്റിലേറെയായി. 2015 ജനുവരി ഡിസംബര്‍ കാലത്താണ് 3,245 വാഹനങ്ങള്‍ ഉടമസ്ഥര്‍ക്കു കൈമാറി കമ്പനി പുതിയ ചരിത്രം സൃഷ്ടിച്ചത്.

വാഹന വില്‍പ്പനയടക്കം വ്യാപാര സംബന്ധമായ കണക്കെടുപ്പിലെല്ലാം പുതിയ ഉയരങ്ങള്‍ കീഴടക്കാന്‍ കമ്പനിക്കു കഴിഞ്ഞെന്ന് ഓട്ടോമൊബിലി ലംബോര്‍ഗ്‌നി അവകാശപ്പെട്ടു. കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച പുതിയ മോഡലുകളുടെ പിന്‍ബലത്തില്‍ ഇക്കൊല്ലവും മികച്ച പ്രകടനം ആവര്‍ത്തിക്കാനാവുമെന്ന് ഓട്ടോമൊബിലി ലംബോര്‍ഗ്‌നി എസ് പി എ പ്രസിഡന്റും ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറുമായ സ്റ്റീഫന്‍ വിങ്കെല്‍മാന്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.

കഴിഞ്ഞ വര്‍ഷത്തെ വില്‍പ്പനയില്‍ 2014നെ അപേക്ഷിച്ച് 28% വളര്‍ച്ചയാണ് കമ്പനി കൈവരിച്ചത്. 2014ല്‍ 2,530 കാറുകളായിരുന്നു ലംബോര്‍ഗ്‌നി വിറ്റത്. 2010ല്‍ കൈവരിച്ച വില്‍പ്പനയുമായി താരതമ്യം ചെയ്താല്‍ രണ്ടര ഇരട്ടിയുടെ വളര്‍ച്ചയാണു കമ്പനി 2015ല്‍ കൈവരിച്ചത്.

ആഗോളതലത്തില്‍ പ്രധാന മേഖലകളിലെല്ലാ വില്‍പ്പന ഉയര്‍ന്നതായി വിങ്കെല്‍മാന്‍ വിശദീകരിച്ചു; അമേരിക്കയിലെയും ഏഷ്യ പസഫിക്കിലെയും വില്‍പ്പനയില്‍ കമ്പനി പുതിയ റെക്കോഡും സൃഷ്ടിച്ചു. യു എസും ഗ്രേറ്റര്‍ ചൈനയുമാണു ലംബോര്‍ഗ്‌നിയെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ വിപണികളെന്നും അദ്ദേഹം വെളിപ്പെടുത്തി. ജപ്പാന്‍, യു കെ, മധ്യ പൂര്‍വ രാജ്യങ്ങള്‍, ജര്‍മനി തുടങ്ങിയ വിപണികളാണു തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍; ഈ രാജ്യങ്ങളിലെ വില്‍പ്പനയിലും മികച്ച വളര്‍ച്ച നേടാനായെന്നു കമ്പനി അവകാശപ്പെട്ടു.

പുതിയ കാറായ, 10 സിലിണ്ടര്‍ എന്‍ജിനുള്ള ‘ഹുറാകാന്‍ എല്‍ പി 610 4’ മികച്ച വില്‍പ്പനയാണു കൈവരിച്ചതെന്നും ലംബോര്‍ഗ്‌നി വിലയിരുത്തുന്നു. പൂര്‍ണതോതില്‍ വില്‍പ്പന ആരംഭിച്ച ശേഷമുള്ള ആദ്യ വര്‍ഷം 2,242 ‘ഹുറാകാന്‍’ ആണ് ലംബോര്‍ഗ്‌നി ഉടമകള്‍ക്കു കൈമാറിയത്.

Top