ലംബോര്‍ഗിനിയുടെ അവന്റഡോര്‍ SVJ ഇന്ത്യന്‍ വിപണിയിലേക്ക്

ഇറ്റാലിയന്‍ നിര്‍മ്മാതാക്കളായ ലംബോര്‍ഗിനിയുടെ ഏറ്റവും കരുത്തുറ്റ പ്രൊഡക്ഷന്‍ കാര്‍ അവന്റഡോര്‍ SVJ വിപണിയിലേക്ക്. നേബഗ്രിങ്ങ് ട്രാക്കില്‍ പോര്‍ഷ 911 GT2 RS കുറിച്ച ലാപ് റെക്കോര്‍ഡിനെ തകര്‍ത്തുകൊണ്ടാണ് ലംബോര്‍ഗിനി അവന്റഡോര്‍ SVJ മുഖ്യധാരയിലേക്ക് കടന്നുവന്നത്. നിലവില്‍ അവന്റഡോര്‍ SVJ കുറിച്ച 6:44:97 എന്ന ലാപ് സമയം തകര്‍ക്കപ്പെടാതെ തുടരുകയാണ്.

കാറിലുള്ള 6.5 ലിറ്റര്‍ V12 എഞ്ചിന് 8,700 rpm വരെ കുറിക്കാനാവും. 759 bhp കരുത്തും 720 Nm torque ഉം പരമാവധി രേഖപ്പെടുത്തുന്ന എഞ്ചിന്‍ നാലു ചക്രങ്ങളിലേക്കും കരുത്തെത്തിക്കും. ഇതിനായി ഏഴു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും ഓള്‍ വീല്‍ ഡ്രൈവ് സംവിധാനവും മോഡലിലുണ്ട്.

പൂജ്യത്തില്‍ നിന്നും നൂറു കിലോമീറ്റര്‍ വേഗം തൊടാന്‍ കാറിന് 2.8 സെക്കന്‍ഡുകള്‍ മാത്രം മതിയെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 8.6 സെക്കന്‍ഡുകള്‍ കൊണ്ടു 200 കിലോമീറ്റര്‍ വേഗം അവന്റഡോര്‍ SVJ പിന്നിടും. മണിക്കൂറില്‍ 350 കിലോമീറ്ററാണ് മോഡലിന്റെ പരമാവധി വേഗം.

സാധാരണ അവന്റഡോര്‍ S നെ അപേക്ഷിച്ച് അവന്റഡോര്‍ SVJ യ്ക്ക് 50 കിലോയോളം ഭാരം കുറവാണ്. കമ്പനിയുടെ പ്രത്യേക ALA എയറോ പാക്കേജ് കാറിന്റെ വേഗത്തെ സ്വാധീനിക്കുന്നു. മുമ്പ് ലംബോര്‍ഗിനി അവതരിപ്പിച്ച ലിമിറ്റഡ് എഡിഷന്‍ അവന്റഡോര്‍ SV യില്‍ നിന്നും വ്യത്യസ്മായ ഡിസൈന്‍ ശൈലിയാണ് അവന്റഡോര്‍ SVJ യ്ക്ക്.

ഇത്തവണ ഗ്രില്ലിന് സമീപം ബോണറ്റില്‍തന്നെ എയര്‍ ഇന്‍ടെയ്ക്കുകള്‍ കാണാം. എഞ്ചിന്‍ കവര്‍ കാര്‍ബണ്‍ ഫൈബര്‍ നിര്‍മ്മിതിയാണ്. സൈഡ് സ്‌കേര്‍ട്ടുകളുടെയും വശങ്ങളിലെ എയര്‍ ഇന്‍ടെയ്ക്കുകളുടെയും വലുപ്പം കൂടി. ചലിക്കുന്ന പിന്‍ സ്‌പോയിലറും പുത്തന്‍ ഡിഫ്യൂസറും പിന്നഴകിന് മാറ്റു കൂട്ടുന്നു.

Top