lalu’s son launches dss to counter rss

പട്‌ന: ആര്‍എസ്എസിനെ മറികടക്കാന്‍ പുതിയ സംഘടനയുമായി ബീഹാര്‍ ആരോഗ്യ മന്ത്രിയും ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ മകനുമായ തേജ് പ്രതാപ് യാദവ് രംഗത്ത്.

ധര്‍മനിരപേക്ഷക് സേവക് സംഘ് (ഡി.എസ്.എസ്) എന്ന പേരിലാണ് തേജ് പുതിയ സംഘടനയ്ക്ക്‌ രൂപം നല്‍കിയിരിക്കുന്നത്. ‘ഇത് വെറും ട്രയല്‍ മാത്രമാണ് യഥാര്‍ത്ഥ ചിത്രം വരാനിരിക്കുന്നതെയുള്ളൂ’വെന്നും ഡിഎസ്എസിന് രൂപം നല്‍കിയുള്ള രഥയാത്രയില്‍ തേജ്പ്രദാപ് യാദവ് പറഞ്ഞു.

ഡി.എസ്.എസ് ആര്‍.എസ്.എസിനെ കീഴടക്കും. ആര്‍എസ്എസിന്റെ വര്‍ഗീയ അജണ്ടകള്‍ക്ക് ശക്തമായ പ്രതിരോധം തീര്‍ക്കുന്നതായിരിക്കും ഈ സംഘടന. ഇന്ന് രാജ്യത്ത് ആര്‍എസ്എസ് മതഭ്രാന്ത് വളര്‍ത്തുകയാണെന്നും രഥയാത്രയില്‍ തേജ് വ്യക്തമാക്കി.

ആദ്യം ബിഹാറിലും പിന്നീട് രാജ്യവ്യാപകവുമായി സംഘടനയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. യുപിയില്‍ ഹിന്ദു യുവവാഹിനി നേതാവായിരുന്ന യോഗി ആദിത്യനാഥിനെ ഉപയോഗിച്ച് ബിജെപി നടത്തിയ രാഷ്ട്രീയ തന്ത്രങ്ങള്‍ ബിഹാറിലും വേരോട്ടമുണ്ടാകാന്‍ ശ്രമിക്കുകയാണെന്നും ഇത് തടയിടുകയാണ് ഡിഎസ്എസിലൂടെ ആര്‍ജെഡി ലക്ഷ്യമിടുന്നതെന്നാണ് സൂചന.

എല്ലാ മതങ്ങളിലുള്ളവരും സമുദായങ്ങളിലുവരും ഇതില്‍ അംഗങ്ങളായിരിക്കും. വര്‍ഗീയത വളര്‍ത്തുന്ന ആര്‍എസ്എസിനെ ഡിഎസ്എസ് ശക്തമായി പ്രതിരോധിക്കുമെന്നും തേജ്പ്രതാപിന്റെ സഹോദരനും ബിഹാര്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് അറിയിച്ചു.

എന്നാല്‍ ആര്‍എസ്എസിനെ കൂടുതല്‍ പഠിക്കാനായി ഒരു വര്‍ഷം സംഘടനയില്‍ ചേര്‍ന്ന് ട്രൗസറിട്ട് ഭാരത് മാതാ കീ ജയ് എന്ന മന്ത്രം ഉരുവിട്ട് ജീവിക്കാന്‍ തേജ് പ്രതാപ് തയ്യാറാകണമെന്ന് മുതിര്‍ന്ന ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോഡി പ്രതികരിച്ചു.

പകുതി മനസുള്ളവരാണ് പകുതി പാന്റിട്ട് നടക്കുന്നവരാണെന്നായിരുന്നു ഇതിനുള്ള തേജ് പ്രതാപിന്റെ മറുപടി.

Top