ലാലു പ്രസാദ് യാദവിനെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു, ആരോഗ്യസ്ഥിതി മോശം

ഡല്‍ഹി: ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിനെ (73) ഡല്‍ഹി എയിംസ് ആശുപത്രിയിലേക്ക് മാറ്റി. റാഞ്ചിയിലെ രാജേന്ദ്ര മെഡിക്കല്‍ സയന്‍സില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. ലാലു പ്രസാദ് യാദവിന്റെ ഹൃദയത്തിനും വൃക്കയ്ക്കും തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഡല്‍ഹി എയിംസിലേക്ക് മാറ്റിയത്.മികച്ച ചികിത്സ ലഭ്യമാക്കുന്നതിന് വേണ്ടിയാണ് ഡല്‍ഹിയിലേക്ക് മാറ്റിയതെന്ന് രാജേന്ദ്ര മെഡിക്കല്‍ സയന്‍സിലെ ഡയറക്ടര്‍ കാമേശ്വര്‍ പ്രസാദ് പറഞ്ഞു. കാലിതീറ്റ കുംഭകോണ കേസില്‍ ലാലു പ്രസാദ് യാദവ് നല്‍കിയ ജാമ്യ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് ജാര്‍ഖണ്ഡ് ഹൈക്കോടതി ഏപ്രില്‍ ഒന്നിലേക്ക് മാറ്റിയിരുന്നു.

കാലിതീറ്റ കുംഭകോണ കേസില്‍ ലാലു പ്രസാദ് യാദവിന് റാഞ്ചിയിലെ സിബിഐ കോടതി 2013ല്‍ അഞ്ച് വര്‍ഷത്തെ തടവ്ശിക്ഷ വിധിച്ചിരുന്നു. 60 ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തിരുന്നു. കേസില്‍ ലാലു പ്രസാദ് യാദവ് കുറ്റക്കാരനാണെന്ന് ഫെബ്രുവരി 15ന് സിബിഐ കോടതി കണ്ടെത്തി. ഡൊറന്‍ഡ ട്രഷറിയില്‍ നിന്നും 139.35 കോടി രൂപ അനധികൃതമായി ലാലു പ്രസാദ് പിന്‍വലിച്ചുവെന്നായിരുന്നു കണ്ടെത്തല്‍. ലാലു പ്രസാദ് യാദവ് ബിഹാര്‍ മുഖ്യമന്ത്രിയായിരിക്കെ കാലിത്തീറ്റ വാങ്ങാനുള്ള കരാറിന്റെ മറവില്‍ സര്‍ക്കാര്‍ ഫണ്ട് വകമാറ്റി ചെലവഴിച്ചെന്നാണ് കേസ്.

950 കോടി രൂപയുടെ കാലിത്തീറ്റ കുംഭകോണമാണ് ലാലു പ്രസാദ് യാദവ് നടത്തിയെന്നാണ് കോടതിയുടെ കണ്ടെത്തല്‍. കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട് അഞ്ച് കേസുകളാണ് നിലവിലുളളത്. ആറ് കേസുകള്‍ സിബിഐ രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ അഞ്ച് കേസിലും ലാലു കുറ്റക്കാരനാണെന്ന് തെളിഞ്ഞിരുന്നു. സര്‍ക്കാര്‍ ട്രഷറികളില്‍ നിന്ന് അനധികൃതമായി പണം പിന്‍വലിച്ചതായിരുന്നു കേസ്.
1996 ജനുവരിയില്‍ ഡെപ്യൂട്ടി കമ്മീഷ്ണര്‍ ചൈബാസ അമിത് ഖാരെ ക്ഷീര വികസന വകുപ്പില്‍ നടത്തിയ റെയ്ഡിലാണ് ക്രമക്കേടുകള്‍ കണ്ടെത്തിയത്. 1996 മാര്‍ച്ചില്‍ പാട്‌ന ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് സിബിഐ കേസ് ഏറ്റെടുത്തിരുന്നു. 1997 കേസില്‍ ലാലു പ്രസാദ് യാദവിന്റെ പേര് ഉള്‍പ്പടുത്തി കൊണ്ട് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു.

കേസില്‍ പ്രതിയായിരുന്ന മുന്‍മുഖ്യമന്ത്രി ജഗന്നാഥ മിശ്ര കുറ്റക്കാരനല്ലെന്ന് കണ്ടെത്തി പിന്നീട് കോടതി വെറുതെവിട്ടു. 1995-1996 കാലഘട്ടങ്ങളില്‍ വ്യാജ രേഖ ഉപയോഗിച്ച് ബിഹാറിലെ ധുംക്ക ട്രഷറിയില്‍ നിന്ന് മൂന്ന് കോടിയില്‍ അധികം രൂപ ലാലു പ്രസാദ് തട്ടിയെടുത്തുവെന്നാണ് അന്ന് സിബിഐ കോടതി കണ്ടെത്തിയത്. കേസില്‍ ലാലുവും ജഗന്നാഥ മിശ്രയും ഉള്‍പ്പടെ 31 പ്രതികളാണ് ഉണ്ടായിരുന്നത്.

Top