കാലിത്തീറ്റ കുംഭകോണക്കേസ്: ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവ് കുറ്റക്കാരന്‍

lalu prasad

റാഞ്ചി: കാലിത്തീറ്റ കുംഭകോണക്കേസില്‍ ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് കുറ്റക്കാരന്‍.

റാഞ്ചി സിബിഐ പ്രത്യേക കോടതിയാണ് വിധി പ്രസ്താവിച്ചത്. 11 മണിക്ക് കേസ് പരിഗണിച്ച കോടതി വിധി പറയാന്‍ 3 മണിയിലേക്ക് മാറ്റിവക്കുകയായിരുന്നു.

മുന്‍ ബിഹാര്‍ മുഖ്യമന്ത്രി ജഗന്നാഥ് മിശ്രയടക്കം 20 പേര്‍ കേസില്‍ പ്രതികളായിരുന്നു. വിധി കേള്‍ക്കാന്‍ കേസിലെ മുഴുവന്‍ പ്രതികളും ഹാജരാകണമെന്ന് കോടതി നിര്‍ദേശമുണ്ടായിരുന്നു.

കാലിത്തീറ്റ വാങ്ങിയതുമായി ബന്ധപ്പെട്ട് 900 കോടിയോളം രൂപ തട്ടിയ കേസുകളാണ് ലാലുവിനും കൂട്ടര്‍ക്കുമെതിരെ രജിസ്റ്റര്‍ ചെയ്തത്.

പല ട്രഷറികളില്‍ നിന്ന് പലപ്പോഴായി പല തുകയാണ് പിന്‍വലിച്ചത്. ഇതില്‍ ആദ്യ കേസില്‍ 2013ല്‍ വിധി പറഞ്ഞു. അന്ന് അഞ്ച് വര്‍ഷം തടവ് ശിക്ഷ ലഭിച്ചതോടെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് ലാലുവിനെ വിലക്കുകയും ചെയ്തു. രണ്ടും മാസം ജയിലില്‍ കിടന്ന ലാലു സുപ്രീംകോടതിയില്‍ നിന്ന് ജാമ്യം അനുവദിച്ചതിനെതുടര്‍ന്നാണ് പുറത്തിറങ്ങിയത്.

സിബിഐ രജിസ്റ്റര്‍ ചെയ്ത് നാല് കേസുകളിലും ലാലുപ്രസാദ് യാദവ് വെവ്വേറെ വിചാരണ നേരിടണമെന്ന് സുപ്രീംകോടതി നേരത്തേ ഉത്തരവിട്ടിരുന്നു. ഒരു കേസില്‍ അഞ്ച് വര്‍ഷം കഠിനതടവ് വിധിച്ചതിനാല്‍ കാലിത്തീറ്റ അഴിമതിയുമായി ബന്ധപ്പെട്ട അനുബന്ധ കേസുകളില്‍ പ്രത്യേകം ഗൂഢാലോചന ചുമത്തി വിചാരണ വേണ്ടെന്ന ജാര്‍ഖണ്ഡ് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കിയിരുന്നു.

ഈ നാല് കേസുകളിലും ഗൂഢാലോചനക്കുറ്റം സുപ്രീംകോടതി പുന:സ്ഥാപിക്കുകയും ചെയ്തു. ഇതോടെയാണ് കേസ് വീണ്ടും വാദം കേട്ടു തുടങ്ങിയത്. ഡിസംബര്‍ 13നാണ് കേസില്‍ വാദം കേള്‍ക്കല്‍ പൂര്‍ത്തിയായത്.

അതേസമയം കേസില്‍ ക്ലീന്‍ ചിറ്റ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കോടതിയെ മാനിക്കുന്നുവെന്നും ലാലു കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Top