ജോലിക്ക് ഭൂമി അഴിമതി കേസ്: ലാലു പ്രസാദ് യാദവിനെ വിചാരണ ചെയ്യാന്‍ അനുമതി നല്‍കി ആഭ്യന്തര മന്ത്രാലയം

ദില്ലി: ജോലിക്ക് ഭൂമി അഴിമതി കേസില്‍ മുന്‍ റെയില്‍വെ മന്ത്രി ലാലു പ്രസാദ് യാദവിനെ വിചാരണ ചെയ്യാന്‍ അനുമതി. ആഭ്യന്തര മന്ത്രാലയമാണ് വിചാരണയ്ക്ക് അനുമതി നല്‍കിയത്. ദില്ലി റോസ് അവന്യൂ കോടതിയെ സിബിഐ ഇക്കാര്യം അറിയിച്ചു. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വക്കേറ്റ് ഡി പി സിങ്, സിബിഐ കോടതി പ്രത്യേക ജഡ്ജി ഗീതാഞ്ജലി ഗോയലിനെയാണ് വിചാരണയ്ക്ക് അനുമതി ലഭിച്ചെന്ന് അറിയിച്ചത്.കേസില്‍ ഉള്‍പ്പെട്ട റെയില്‍വെ ഉദ്യോഗസ്ഥരെ വിചാരണ ചെയ്യാനുള്ള അനുമതി ഒരാഴ്ചക്കുള്ളില്‍ ലഭിക്കുമെന്നും സിബിഐ അറിയിച്ചു. സെപ്തംബര്‍ 21ന് കോടതി കേസ് വീണ്ടും പരിഗണിക്കും

2004 മുതല്‍ 2009 വരെ ലാലു പ്രസാദ് യാദവ് കേന്ദ്ര റെയില്‍വെ മന്ത്രിയായിരിക്കെ ഗ്രൂപ്പ് ഡി തസ്തികയിലുള്ള ജോലിക്ക് പകരം കൈക്കൂലിയായി ഭൂമി വാങ്ങിയെന്നാണ് കേസ്. 2022 മേയ് 18നാണ് സി.ബി.ഐ കേസെടുത്തത്. ലാലു പ്രസാദ് യാദവിനൊപ്പം ഭാര്യയും ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ റാബ്രി ദേവി, മകന്‍ തേജസ്വി യാദവ്, മകള്‍ മിസ ഭാരതി, റെയില്‍വെ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 16 പേര്‍ക്കെതിരെയാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്.

കേന്ദ്ര ഏജന്‍സികളെ സര്‍ക്കാര്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ ഉപയോഗിക്കുകയാണെന്ന ആരോപണം പ്രതിപക്ഷം ശക്തമാക്കുന്നതിനിടെയാണ് സിബിഐയും ഇഡിയും ഇക്കാര്യത്തിലെ നടപടികളുമായി മുന്നോട്ട് പോയത്. ലാലു പ്രസാദ് യാദവിനെയും കുടുംബത്തെയും സിബിഐ നേരത്തെ ചോദ്യംചെയ്തിരുന്നു. തേജസ്വി യാദവിന്റെ വീട്ടിലുള്‍പ്പെടെ നിരവധി ഇടങ്ങളില്‍ ഇഡിയും പരിശോധന നടത്തി. പാട്‌ന, റാഞ്ചി, മുംബൈ, ബീഹാര്‍ തുടങ്ങിയ ഇടങ്ങളിലും തേജസ്വി യാദവിന്റെ ദില്ലിയിലെ വസതിയിലുമാണ് പരിശോധന നടന്നത്.

ബിജെപിക്കെതിരെ നില്‍ക്കുന്നവരെ ബുദ്ധിമുട്ടിക്കുകയും ബിജെപിയോട് സഖ്യമുണ്ടാക്കുന്നവരെ സഹായിക്കുകയും ചെയ്യുന്ന നിലപാടാണ് അന്വേഷണ ഏജന്‍സികള്‍ സ്വീകരിക്കുന്നതെന്ന് തേജസ്വി യാദവ് നേരത്തെ ആരോപിക്കുകയുണ്ടായി. ലാലു പ്രസാദിന്റെ വീട്ടില്‍ നിന്ന് 600 കോടിയുടെ അഴിമതിയുടെ തെളിവ് കിട്ടിയെന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റിപ്പോര്‍ട്ടും തേജസ്വി തള്ളിക്കളഞ്ഞു.

Top