മഹാസഖ്യത്തിന്റെ വാതിലുകൾ നിതീഷിനായി എപ്പോഴും തുറന്നുകിടക്കുമെന്ന് ലാലു പ്രസാദ് യാദവ്

പട്ന : നിതീഷ് കുമാറിനായി മഹാസഖ്യത്തിന്റെ വാതിലുകൾ എപ്പോഴും തുറന്നുകിടക്കുമെന്നു ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ്. നിതീഷ് കുമാർ തിരികെ വരാൻ തയാറാണെങ്കിൽ നോക്കാമെന്നും ലാലു പറഞ്ഞു. കഴിഞ്ഞ ദിവസം നിയമസഭാ മന്ദിരത്തിനു പുറത്തു ലാലു യാദവും നിതീഷ് കുമാറും കണ്ടുമുട്ടിയപ്പോൾ സൗഹൃദം പങ്കിട്ടതിന്റെ പശ്ചാത്തലത്തിലാണ് സഖ്യം പുനഃസ്ഥാപിക്കാൻ തയാറാണോയെന്നു ലാലുവിനോടു മാധ്യമ പ്രവർത്തകർ ചോദിച്ചത്.

അതേസമയം, ആർജെഡിയുമായി ഇനി സഖ്യത്തിന്റെ പ്രശ്നമുദിക്കുന്നില്ലെന്ന് ജനതാദൾ (യു) വക്താവ് നീരജ് കുമാർ പ്രതികരിച്ചു. അധികാരം പങ്കിട്ടപ്പോഴൊക്കെ ആർജെഡി അഴിമതി നടത്തിയെന്നു ചൂണ്ടിക്കാട്ടിയാണ് നിതീഷ് കുമാർ സഖ്യം വിട്ടത്. ജെഡിയു വാതിൽ അലിഗഡ് താഴിട്ടു പൂട്ടിയെന്നു നീരജ് കുമാർ പറഞ്ഞു.

Top