ലാലു പ്രസാദ് യാദവിനു വൃക്ക നൽകിയ മകൾ രോഹിണി ആചാര്യ ലോക്സഭാ സ്ഥാനാർഥിയായേക്കും

പട്ന : ആർജെഡി അധ്യക്ഷൻ ലാലു യാദവിനു വൃക്ക നൽകിയ മകൾ രോഹിണി ആചാര്യ ലോക്സഭാ സ്ഥാനാർഥിയാകാൻ സാധ്യത. സിങ്കപ്പൂരിൽ സ്ഥിരതാമസമാക്കിയ രോഹിണി ഇപ്പോൾ പട്നയിൽ മാതാപിതാക്കളെ സന്ദർശിക്കാനെത്തിയതു രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന സൂചനകളുണ്ട്. സിങ്കപ്പൂരിൽ 2022 ഡിസംബർ അഞ്ചിനു ലാലുവിന്റെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്കാണ് മകൾ വൃക്ക നൽകിയത്.

സമൂഹ മാധ്യമങ്ങളിൽ സജീവമായ രോഹിണിയുടെ ട്വീറ്റുകൾ ബിഹാർ രാഷ്ട്രീയത്തിൽ വിവാദമാകാറുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി മുതൽ ബിഹാർ മുൻ മുഖ്യമന്ത്രി സുശീൽ മോദി വരെ രോഹിണിയുടെ പരിഹാസ ട്വീറ്റുകൾക്ക് ഇരയാകും. സുശീൽ മോദി പലപ്പോഴും ട്വിറ്ററിൽ പ്രതികരിക്കാറുമുണ്ട്. രോഹിണിയുടെ ട്വീറ്റുകൾ വിഷയമാക്കി ആർജെഡി – ബിജെപി സൈബർ അണികളുടെ പോരും പതിവാണ്.

ബിഹാറിലെ കാരാകാട്ട് ലോക്സഭാ മണ്ഡലത്തിൽ രോഹിണി ആചാര്യ സ്ഥാനാർഥിയാകുമെന്ന അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്. രോഹിണിയുടെ ഭർത്താവ് സമരേഷ് സിങിന്റെ കുടുംബവീട് കാരാകാട്ട് മണ്ഡലത്തിലെ ദാവൂദ് നഗറിലാണ്. ഭർതൃകുടുംബത്തിലെ ചില ചടങ്ങുകൾക്കായി രോഹിണി ദാവൂദ് നഗർ സന്ദർശിച്ചതോടെയാണ് സ്ഥാനാർഥിത്വ അഭ്യൂഹങ്ങൾ ശക്തമായത്. സിങ്കപ്പൂരിൽ ബാങ്ക് ഉദ്യോഗസ്ഥനാണ് സമരേഷ് സിങ്.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ലാലുവിന്റെ മകൾ മിസ ഭാരതി പാടലിപുത്ര മണ്ഡലത്തിൽ മൽസരിച്ചു പരാജയപ്പെട്ടിരുന്നു. രാജ്യസഭാംഗമായ മിസ ഇക്കുറി ലോക്സഭയിലേക്ക് മൽസരിക്കാൻ സാധ്യതയില്ല.

ലാലു യാദവിന്റെ സ്ഥിരം മണ്ഡലമായിരുന്ന സാരനു വേണ്ടി മൂത്ത മകൻ തേജ് പ്രതാപ് യാദവും ഇളയമകൻ തേജസ്വി യാദവിന്റെ പത്നി രാജശ്രീയും രംഗത്തുണ്ട്. സാരനിൽ രാജശ്രീ മൽസരിക്കുമെന്ന സൂചന ലഭിച്ചതോടെയാണ് ബിഹാറിലെ മന്ത്രിയായ തേജ് പ്രതാപ് സാരനിൽ സ്ഥാനാർഥിയാകാനുള്ള താൽപര്യം പരസ്യമാക്കിയത്. കുടുംബത്തിൽ നിന്ന് ആരെ ലോക്സഭാ സ്ഥാനാർഥിയാക്കണമെന്ന കാര്യത്തിൽ അന്തിമ തീരുമാനം ലാലു യാദവിന്റേതാകും.

Top