ലാലു പ്രസാദ് ഇനി ബിര്‍സമുണ്ട ജയിലിലെ തോട്ടക്കാരന്‍, ദിവസക്കൂലി 93 രൂപ

Lalu Prasad Yadav

റാഞ്ചി: കാലിത്തീറ്റ കുംഭകോണ കേസില്‍ ശിക്ഷിക്കപ്പെട്ട ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലു പ്രസാദ് യാദവ് ജയിലില്‍ ഇനി തോട്ടക്കാരന്‍. റാഞ്ചിയിലെ ബിര്‍സമുണ്ട ജയിലിലെ സ്‌പെഷ്യല്‍ ബ്ലോക്കിലെ 3351 നമ്പറുകാരനാണ് ലാലു.

ജയില്‍ വളപ്പിലെ പൂന്തോട്ടത്തില്‍ ചെടികള്‍ നനയ്ക്കുകയും പരിപാലിക്കുകയുമാണ് ഈ മുന്‍ മുഖ്യമന്ത്രി ഇപ്പോള്‍. ജോലിക്ക് ദിവസക്കൂലിയായി ലാലുവിന് ലഭിക്കുന്നത് 93 രൂപയാണ്. ജോലിക്കിറങ്ങിയെങ്കിലും സഹതടവുകരുമായി അകലം പാലിക്കുകയാണ് ലാലു.

ശനിയാഴ്ചയാണ് കാലിത്തീറ്റ കേസില്‍ ലാലുവിന് മൂന്നര വര്‍ഷം തടവും അഞ്ച് ലക്ഷം പിഴയും റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതി വിധിക്കുന്നത്.

ലാലുവിന് ജയിലില്‍ വിഐപി പരിഗണന ലഭിക്കുന്നുവെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ലാലുവിന് ദിവസവും പത്രവും ടെലിവിഷന്‍ അടക്കമുള്ള സംവിധാനങ്ങള്‍ ജയിലില്‍ ഒരുക്കിയതായും വാര്‍ത്തകളുണ്ടായിരുന്നു.

കാലിത്തീറ്റ കുംഭകോണത്തില്‍ ആറ് കേസുകളിലാണ് ലാലു പ്രതിയായിട്ടുള്ളത്. അതില്‍ രണ്ടാമത്തെ കേസിലാണ് കഴിഞ്ഞ ദിവസം ശിക്ഷ വിധിച്ചത്. മറ്റ് ആറ് പ്രതികള്‍ക്കും സമാനമായ ശിക്ഷയാണ് വിധിച്ചത്. നേരത്തെ മൂന്ന് തവണ ശിക്ഷാ പ്രഖ്യാപനം മാറ്റിവെച്ച ശേഷമാണ് കോടതി ഇന്ന് വിധി പറഞ്ഞിരിക്കുന്നത്.

Top