ജയിലില്‍ പരിഗണനയില്ല,സൗകര്യങ്ങളുമില്ല; പരാതിയുമായി ലാലു പ്രസാദ്

lalu

റാഞ്ചി: കാലിത്തീറ്റ കുംഭകോണ കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന ആര്‍ജെഡി നേതാവ് ലാലു പ്രസാദ് പരാതികളുമായി രംഗത്ത്.

ജയിലില്‍ തനിക്ക് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ല, ജയിലില്‍ വേണ്ടത്ര സുഖസൗകര്യങ്ങള്‍ ഇല്ല, തന്നെ സാധാരണക്കാരനെ പോലെയാണ് കാണുന്നതെന്നുമാണ് ലാലു പ്രസാദ് പറഞ്ഞത്. പ്രത്യേക സിബിഐ കോടതിയിലാണ് ലാലു തന്റെ പരാതി ബോധിപ്പിച്ചത്.

എന്നാല്‍, ജയിലും നിയമവും എല്ലാവര്‍ക്കും ഒരു പോലെയാണെന്നും, ആര്‍ക്കും ജയിലില്‍ വി.ഐ.പി പരിഗണന നല്‍കാറില്ലെന്നും കോടതി വ്യക്തമാക്കി. അതേസമയം ലാലു പ്രസാദ് യാദവിനെ ഓപ്പണ്‍ ജയിലിലേക്ക് മാറ്റാന്‍ ജസ്റ്റിസ് ശിവപാല്‍ സിംഗ് ഉത്തരവിട്ടു.

ജയിലില്‍ തന്റെ പാര്‍ട്ടി അനുഭാവികള്‍ക്ക് സന്ദര്‍ശിക്കാന്‍ സാധിക്കുന്നില്ലെന്ന ലാലുവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഓപ്പണ്‍ ജയിലിലേക്ക് മാറ്റാന്‍ കോടതി ഉത്തരവിട്ടത്. ജയിലില്‍ നിയമം തെറ്റിച്ചുള്ള സന്ദര്‍ശനം അനുവദിക്കില്ലെന്നും കോടതി അറിയിച്ചു.

900 കോടിയുടെ കാലിത്തീറ്റ കുംഭകോണക്കേസിലാണ് ലാലുപ്രസാദ് യാദവ് കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം കോടതി വിധിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് 1991-1994 കാലയളവില്‍ ദിയോഗര്‍ ട്രഷറിയില്‍ നിന്ന് 89.53 ലക്ഷം രൂപ അനധികൃതമായി പിന്‍വലിച്ച കേസിലാണ് ലാലുവിനെ കോടതി ശിക്ഷിച്ചത്. ലാലുവിനെതിരെ സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത ആറു കേസുകളില്‍ രണ്ടാമത്തേതാണിത്.

ഇതിനിടെ ലാലു പ്രസാദ് യാദവിനെ പരിചരിക്കാന്‍ അദ്ദേഹത്തിന്റെ അനുചരന്മാര്‍ നേരത്തെ തന്നെ ബര്‍സമുണ്ട ജയിലില്‍ എത്തിയിരുന്നു. എന്നാല്‍ കേസ് വ്യാജമാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് ഇവരെ കഴിഞ്ഞ ദിവസം വിട്ടയച്ചിരുന്നു. മദന്‍ യാദവ്, ലക്ഷ്മണ്‍ യാദവ് എന്നിവരെയാണ് വെറുതെ വിട്ടത്.

Top