lal statement about actress attcak case

LAL

കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ തന്നെ സഹായിച്ചതിന് നിര്‍മാതാവ് ആന്റോ ജോസഫ് ക്രൂശിക്കപ്പെട്ടതില്‍ വിഷമമുണ്ടെന്ന് ലാല്‍. നടി ആക്രമിക്കപ്പെട്ട ദിവസം സഹായത്തിനായാണ് ആന്റോയെ വിളിച്ചതെന്നും ലാല്‍ പറഞ്ഞു

പ്രതിയെ പെട്ടെന്ന് പിടികൂടാനായത് മഹാകാര്യമാണ്. പൊലീസിന് അഭിനന്ദനം. എന്നാല്‍ ഊഹാപോഹങ്ങള്‍ ഒരുപാടുപേരെ ബാധിക്കും, ഇത് എല്ലാവരും മനസിലാക്കണമെന്നും ലാല്‍ പറഞ്ഞു. കേസില്‍ ആദ്യം അറസ്റ്റിലായ മാര്‍ട്ടിനെ പിന്തുടര്‍ന്നു പിടിച്ചത് താനാണെന്നും ലാല്‍ പറഞ്ഞു.

ലാലിനെ ചോദ്യം ചെയ്താല്‍ എല്ലാം അറിയാം എന്നു ചിലര്‍ പറഞ്ഞത് വിഷമമുണ്ടാക്കി. സിനിമയുടെ ചിത്രീകരണത്തിനായല്ല നടിയെത്തിയത്. നടി ആവശ്യപ്പെട്ടിട്ടാണ് വാഹനം നല്‍കിയത്. രമ്യാ നമ്പീശന്റെ വീട്ടിലേക്ക് പോകാനാണ് വണ്ടി ആവശ്യപ്പെട്ടതെന്നും ലാല്‍ പറഞ്ഞു. ഇതിനിടെ വണ്ടി വിട്ടുകൊടുത്തവര്‍ നടിയുടെ സുരക്ഷയെക്കുറിച്ച് അന്വേഷിച്ചിരുന്നതായും അദ്ദേഹം വ്യക്തമാക്കി.

ആക്രമണം ക്വട്ടേഷനായിരുന്നെന്ന് പ്രതികള്‍ നടിയോട് പറഞ്ഞത് മുഖവിലയ്‌ക്കെടുക്കാവില്ല. സ്ത്രീയാണ് ക്വട്ടേഷന്‍ നല്‍കിയതെന്നാണ് സുനി പറഞ്ഞത്. എന്നാല്‍ ഒരു കുറ്റവാളി ഇത്തരത്തില്‍ ഇരയോട് പറയുന്നത് മുഖവിലയ്‌ക്കെടുക്കാന്‍ കഴിയുമോയെന്നും ലാല്‍ ചോദിച്ചു.

സുനിയെ പരിചയമില്ലായിരുന്നു. ഗോവയിലെ സിനിമാ ചിത്രീകരണത്തിനിടെ സുനി എല്ലാവരുടേയും പ്രശംസ പിടിച്ചുപറ്റിയിരുന്നു. സെറ്റില്‍ കുറഞ്ഞകാലം കൊണ്ട് സുനി നല്ലപേരുണ്ടാക്കി. പുറത്തുനിന്നും വിളിച്ച വണ്ടിയുടെ ഡ്രൈവറായിരുന്നു സുനിയെന്നും ലാല്‍ കൂട്ടിച്ചേര്‍ത്തു.

ന്യൂ ജനറേഷന്‍ എന്നു പറഞ്ഞ് കളിയാക്കരുത്, ഇത് പഴയതലമുറയുടെ അവസ്ഥയാണ്. കഞ്ചാവടിച്ച് സിനിമയുണ്ടാക്കിയാല്‍ ഓടില്ല. ഏതു സൈറ്റിലാണ് കഞ്ചാവും മദ്യവും ഉപയോഗിക്കുന്നതെന്ന് പറയണമെന്നും ലാല്‍ പ്രതികരിച്ചു.

Top